| Tuesday, 23rd July 2019, 3:55 pm

മോദിയെ മാത്രമല്ല പിണറായിയേയും അഭിനന്ദിച്ചിരുന്നു, അതുകൊണ്ട് സി.പി.ഐ.എമ്മുകാരനാകുമോ?' യൂണിവേഴ്‌സിറ്റി കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താന്‍ സംഘപരിവാര്‍ അനുഭാവിയാണെന്ന വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി യൂണിവേഴ്‌സിറ്റി കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദ്ര. അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമല്‍ ചന്ദ്രയുടെ വിശദീകരണം.

ഏതു വ്യക്തിയും പ്രധാനപ്പെട്ട സ്ഥാനത്ത് എത്തുമ്പോള്‍ അവരെ അഭിനന്ദിച്ച് താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാറുണ്ടെന്നാണ് അമല്‍ ചന്ദ്ര പറുന്നത്. അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അമല്‍ ചന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇട്ട പോസ്റ്റ് ഉയര്‍ത്തിക്കാട്ടിയായിരുന്നു അദ്ദേഹം സംഘപരിവാര്‍ അനുഭാവിയാണെന്ന ആരോപണം ഉയര്‍ത്തിയത്.

‘ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് സംഘിയാക്കാനുള്ള തെളിവ്! പ്രധാനമന്ത്രിയെ മാത്രമല്ല, ഏത് വ്യക്തിയും പ്രധാനപ്പെട്ടൊരു സ്ഥാനത്ത് എത്തുമ്പോള്‍ അവരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാറുണ്ട്. മോദി പ്രധാനമന്ത്രിയായപ്പോള്‍ പോസ്റ്റ് ഇട്ടപോലെ, പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. അതുകൊണ്ട് ഞാന്‍ സി.പി.ഐ.എമ്മുകാരനാകുമോ?’ അമല്‍ ചോദിക്കുന്നു.

താന്‍ നിരന്തരം സംഘപരിവാറിനെ വിമര്‍ശിക്കുന്നയാളാണെന്ന് കഴിഞ്ഞ ഒരുമാസത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് എടുത്തു നോക്കിയാല്‍ തന്നെ മനസിലാവും. ഇത്തരം ആരോപണങ്ങളും ആക്ഷേപങ്ങളും മുഖവിലയ്ക്കുപോലും എടുക്കാന്‍ തയ്യാറല്ലെന്നും അമല്‍ പറഞ്ഞു.

അഡ്മിഷന്‍ കിട്ടുന്ന സമയം തൊട്ട് ഒരു വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ് എസ്.എഫ്.ഐ ചെയ്യുന്നത്. സ്വാതന്ത്ര്യം ജനാധിപത്യം എന്നൊക്കെ കൊടിയില്‍ എഴുതിവെച്ചതുകൊണ്ടാകില്ല. അത് ഓരോ വ്യക്തിക്കും അനുഭവിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കുന്നിടത്താണ് ഒരു സംഘടനയെ ജനാധിപത്യ സംഘടനയെന്നു പറയാന്‍ സാധിക്കുന്നതെന്നും അമല്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more