| Friday, 12th July 2019, 2:03 pm

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് പിടിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം. എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് പിടിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ത്ഥികളും നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. എന്നാല്‍ പൊലീസോ അധ്യാപകരോ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടുന്നില്ലെന്നും ആരോപണം ഉണ്ട്.

അതേസമയം കാമ്പസിനകത്തു നിന്നും മാധ്യമങ്ങള്‍ പുറത്തുപോകണമെന്ന ആവശ്യമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിച്ചുണ്ട്. ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റിരുന്നു.

കുത്തേറ്റ വിദ്യാര്‍ഥി എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നും എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് രാവിലെ അഖിലിന്റെ സുഹൃത്തിന് ചെറിയ തോതിലുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിരുന്നു. അതിനെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും സംഘര്‍ഷത്തിനു വഴിവെക്കുകയും അതിനിടയില്‍ അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more