| Tuesday, 16th July 2019, 9:05 am

യൂണിവേഴ്‌സിറ്റി കോളേജ് വിവാദം ; ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ യൂണിയന്‍ റൂമില്‍ നിന്ന് ഉത്തരക്കടലാസ് ലഭിച്ച സംഭവത്തില്‍ ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത.

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ പത്രം നല്‍കിയത്.

‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്.

പത്രത്തില്‍ നല്‍കിയിട്ടുള്ള ഷീറ്റില്‍ ലൈറ്റ് മ്യുസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത.

എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടിയാണ് യൂണിയന്‍ ഓഫീസില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് സംശയിക്കുന്നതായും പത്രം പറയുന്നുണ്ട്.

നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ മിന്നില്‍ പരിശോധനയിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു.

കേരള സര്‍വകലാശാലാ പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുകളുള്ള 11 സെറ്റുമാണ് കണ്ടെത്തിയത്. കേരള യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും പിടിച്ചെടുത്തിരുന്നു.

അതേസമയം, ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

മുഖ്യപ്രതി ശിവരഞ്ജിത്തും നസീമും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ആക്രമണം ആസൂത്രിതമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. ഇരുവരും കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പൊലീസ് പിടിയിലായത്.

DoolNews Video ‘

 

We use cookies to give you the best possible experience. Learn more