| Sunday, 14th July 2019, 7:50 am

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ഒരാള്‍ പിടിയില്‍; മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തില്‍ ഒരാള്‍ പിടിയില്‍ നേമം സ്വദേശിയായ ഇജാബാണ് പൊലീസ് പിടിയിലായത്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല.

എന്നാല്‍ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഡോക്ടര്‍ക്ക് കുത്തേറ്റ അഖില്‍ മൊഴി നല്‍കിയിരുന്നു.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് ഡോക്ടറോട് അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയാല്‍ ഇന്ന് തന്നെ മൊഴിയെടുക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പ്രതികളായവരെ സംഘടനയില്‍ നിന്നു പുറത്താക്കാനും തീരുമാനമായി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടേതാണു തീരുമാനം.

നേരത്തേ യൂണിറ്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്നില്‍ വെച്ചതായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞിരുന്നു. പ്രതികളായവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഇന്നലെ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുറത്താക്കാനുള്ള തീരുമാനം.

എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അഖിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ കുത്തിയ സംഭവം ലജ്ജാകരമാണെന്ന് സാനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതില്‍ കേരളാ ജനതയോട് മാപ്പ് ചോദിക്കുന്നുവെന്നും സാനു ഫേസ്ബുക്കില്‍ കുറിച്ചു.

മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐ.ക്കാര്‍, അല്ലാത്തവര്‍ ഒറ്റുകാര്‍ മാത്രമാണെന്നും സാനു വിമര്‍ശിച്ചു. പണവും ഭരണകൂടവും അറിവിനെയും വിദ്യാഭ്യാസത്തെയും നിര്‍ണയിക്കുമ്പോള്‍ വിദ്യാഭ്യാസം അപ്രാപ്യമാകുന്ന ബഹുഭൂരിപക്ഷത്തിന്റെ പ്രതീക്ഷയാണ് എസ്.എഫ്.ഐയെന്നും പ്രത്യാശയുടെ തീജ്വാലയായി നമ്മളെ നോക്കുന്നവരെ വഞ്ചിക്കരുതെന്നും സാനു കുറിച്ചു. തെറ്റുകള്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സാനു കൂട്ടിച്ചേര്‍ത്തു.

നേരത്തെ എസ്.എഫ്.ഐക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതിനിടെ കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു. കാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നതായിരുന്നു എ.ഐ.എസ്.എഫ് അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. അക്രമസംഭവങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് യൂണിറ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ചത്.
DoolNews Video

We use cookies to give you the best possible experience. Learn more