വിദ്യാര്‍ത്ഥിനിയെ മൂത്രം കുടിപ്പിച്ച സംഭവം: യൂണിവേഴ്‌സിറ്റി മാപ്പ് പറഞ്ഞു
India
വിദ്യാര്‍ത്ഥിനിയെ മൂത്രം കുടിപ്പിച്ച സംഭവം: യൂണിവേഴ്‌സിറ്റി മാപ്പ് പറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2012, 3:01 pm

ന്യൂദല്‍ഹി : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ദല്‍ഹിയിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റി ക്ഷമചോദിച്ചു.

യൂണിവേഴ്‌സിറ്റി കാമ്പസിലെ പാഥാ ഭവന്‍ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ വാര്‍ഡന്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനായ ഉമ പോദ്ദാര്‍ ആണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പുനീത സിങ്ങിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി നടപടി. നേരത്തേ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി മാപ്പ് പറയാന്‍ തയ്യാറായത്. കുട്ടിയെ സ്‌കൂളില്‍ തിരിച്ചെടുത്തതായും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്നെ മനപ്പൂര്‍വ്വം വിവാദങ്ങളില്‍ കുടുക്കുകയാണെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ഉമ പൂദ്ദാര്‍ പറഞ്ഞു.