| Saturday, 13th July 2019, 9:37 am

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പ്രതികളും ഒളിവില്‍; കീഴടങ്ങാനിടയില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലെ പ്രതികള്‍ ഒളിവില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകായ ഏഴ് പ്രതികളും ഒളിവിലാണ്.
ഇന്നലെ പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല. ബന്ധു വീടുകളിലെ പരിശോധനയിലും ഇവരെ കണ്ടെത്താനായില്ല. പ്രതികള്‍ കീഴടങ്ങാനിടയില്ലെന്ന് പൊലീസ് പറഞ്ഞു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് അടക്കമുള്ളവരാണ് പ്രതികള്‍.

ഇവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

ഇന്നലെ കോളേജില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്.

എസ്.എഫ്.ഐ യൂണിറ്റി അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസുകാരെ റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.

കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്.എഫ്.ഐയ്ക്കുവേണ്ടി യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് അഖില്‍. കോളജിലെ മരച്ചുവട്ടില്‍ ഇരുന്ന് പാടിയെന്നു പറഞ്ഞ് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളും തമ്മില്‍ ഇന്നലെ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് ചെറിയ സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more