| Tuesday, 2nd August 2022, 8:32 pm

ഏകതയും തുല്യതയും മദ്രസയും എം. കെ. മുനീറും

ഫാറൂഖ്

ആര്‍ത്തവം എന്ന വാക്ക് കേട്ടിട്ടുള്ള ഏതെങ്കിലും ഒരു കുട്ടി കേരളത്തിലെ ഏതെങ്കിലും ഒരു സ്‌കൂളിലെ രണ്ടാം ക്ലാസിലുണ്ടാകുമെങ്കില്‍ മിക്കവാറും അതൊരു മുസ്‌ലിം കുട്ടിയായിരിക്കും. കാരണമുണ്ട്, മുസ്‌ലിംകള്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് മദ്രസയില്‍ ചേര്‍ക്കും. സ്‌കൂളില്‍ രണ്ടാം ക്ലാസിലെത്തുമ്പോള്‍ ആ കുട്ടി മദ്രസയില്‍ മൂന്നാം ക്ലാസിലെത്തിയിരിക്കും. മദ്രസയില്‍ അപ്പോഴേക്കും ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ടാകും. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസിലായാലും നദ്‌വത്തുല്‍ മുജാഹിദീന്‍ സിലബസിലായാലും ലൈംഗിക വിദ്യാഭ്യാസം കാര്യമായിട്ടുണ്ട്. ഈയടുത്ത കാലത്തു ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നറിയില്ല, സാധ്യതയില്ല, കാരണം ലോകം മുഴുവന്‍ ഇസ്‌ലാമിക് കരിക്കുലങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നുണ്ട്. തെറ്റാണെന്നല്ല പറഞ്ഞു വരുന്നത്, മാതൃകാപരമെന്നാണ്.

മൂന്നാം ക്ലാസില്‍ തുടങ്ങി അഞ്ചാം ക്ലാസ് വരെ മദ്രസയില്‍ നാലോ അഞ്ചോ വിഷയങ്ങളുണ്ട്. ഖുര്‍ആന്‍, സുന്നത്ത്, ഇസ്ലാമിക ചരിത്രം, കര്‍മ ശാസ്ത്രം, അറബിക് തുടങ്ങിയവ. ഇതില്‍ കര്‍മശാസ്ത്രത്തിലാണ് – ഫിഖ്ഹ് എന്ന് അറബിയില്‍ പറയും – ലൈംഗിക വിദ്യാഭ്യാസം കാര്യമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആര്‍ത്തവം, പ്രസവാനന്തര രക്ത സ്രാവം, സ്വയംഭോഗം, സ്വപ്ന സ്ഖലനം, സംയോഗം, സംഭോഗം, ഇന്ദ്രിയ സ്ഖലനം, സ്പര്‍ശനം, ചുംബനം, വികാരം തുടങ്ങിയ വാക്കുകളൊക്കെ പരിചയപ്പെടുത്തുകയും ചെറുതായിട്ടെങ്കിലും വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. വളരെ സഭ്യവും മിതവുമായ ഭാഷയില്‍ പ്രായക്കുറവിനെയും കുട്ടികളുടെ നിഷ്‌കളങ്കതയേയും മനസിലാക്കിക്കൊണ്ട് കൃത്യമായ വാക്കുകളിലും വാചകങ്ങളിലുമാണ് ഈ പരിചയപ്പെടുത്തലുകള്‍. മറ്റേതൊരു സിലബസും പോലെ കുറെ വിശദാംശങ്ങള്‍ അധ്യാപകര്‍ക്ക് വിശദീകരിക്കാനായി വിട്ടിട്ടുണ്ട്, അധ്യാപര്‍ക്കുള്ള ഗൈഡ്ലൈന്‍സും പ്രത്യേകമായി ഉണ്ട്.

ഈ സിലബസുകള്‍ എത്രയേറേ ഉപകാരപ്രദമാണെന്ന് മദ്രസകളില്‍ പഠിച്ച മിക്കവരും സാക്ഷ്യം പറയും. ഉദാഹരണത്തിന് ആദ്യമായി സ്വപ്ന സ്ഖലനം ഉണ്ടാകുമ്പോള്‍ മുസ്‌ലിമല്ലാത്ത ഒരാണ്‍കുട്ടിക്ക് ഉണ്ടാകുന്ന പരിഭ്രമം ഒരു മുസ്‌ലിം കുട്ടിക്കുണ്ടാവില്ല. മദ്രസയില്‍ പഠിക്കാത്തവര്‍ ആര്‍ത്തവത്തെ പറ്റിയും മറ്റും പറഞ്ഞു കേട്ടതും വക്രീകരിക്കപ്പെട്ടതും ആയ ബോധ്യങ്ങളില്‍ ജീവിക്കുമ്പോള്‍ മുസ്‌ലിംകള്‍ അത് സിസ്റ്റമാറ്റിക് ആയി പഠിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സെക്സ് എഡ്യൂക്കേഷന്‍ സിലബസ് തയ്യാറാക്കാന്‍ പാനലിനെ നിയമിക്കുമ്പോള്‍ തീര്‍ച്ചയായും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെയും പ്രതിനിധികളെ അതില്‍ ഉള്‍പ്പെടുത്തണം, കാരണം തലമുറകളായി അവര്‍ക്ക് അത്തരം വിദ്യാഭ്യാസ രീതികളില്‍ പരിചയമുണ്ട്.

(ഈ ലേഖകനെ വ്യക്തിപരമായി അമ്പരിപ്പിച്ച ഒരു കാര്യം ഏറ്റവും ഇണങ്ങുന്ന വാക്കുകള്‍ നിര്‍മിക്കാനും ഉപയോഗിക്കാനുമുള്ള കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡിന്റെ കഴിവാണ്. ‘ലൈംഗിക ബന്ധം പുലര്‍ത്തുക’ എന്നും ‘സെക്സ് ചെയ്യുക’ എന്നുമൊക്കെ ഭാഷാ ബോധ്യമുണ്ട് എന്ന് നമ്മള്‍ കരുതുന്ന ആളുകള്‍ വികൃത ഭാഷാ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ കെ.എന്‍.എം സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഭംഗിയുള്ളതും ഉപയോഗിക്കാനെളുപ്പമുള്ളതുമായ രണ്ടു വാക്കുകളാണ് – സംയോഗവും സംഭോഗവും)

ആധുനിക കാലത്തെ നിരവധി സംജ്ഞകള്‍ ഈ സിലബസുകളില്ല, അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. വളരെയടുത്ത കാലത്ത് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയ പദങ്ങളാണ് കണ്‍സന്റ്, ബാഡ് ടച്ച്, സ്ടാല്‍കിങ്, എല്‍.ജി.ബി.ടി, മരീറ്റല്‍ റേപ്പ്, തുടങ്ങിയവ. മറ്റുള്ളവര്‍ കേള്‍ക്കുന്നതിന് മുമ്പേ സിലബസ് തയ്യാറാക്കുന്നവര്‍ ഇതൊക്കെ കേള്‍ക്കണമെന്നത് ന്യായം, പക്ഷെ വാശി പിടിക്കാന്‍ പറ്റില്ല. ഇനിയുള്ള സിലബസ് റിവിഷനുകളില്‍ ഇതൊക്കെ ഉള്‍പ്പെടുത്തപ്പെടും എന്ന് കരുതാം. പ്രധാനമായും പഠിപ്പിക്കേണ്ടതാണ് ബാഡ് ടച്ച്. മോശം സ്പര്‍ശനങ്ങള്‍ എന്താണെന്നും എങ്ങനെ തടയണമെന്നും ഒന്നാം ക്ലാസില്‍ തന്നെ പരിചയപ്പെടുത്തിയാല്‍ ഒട്ടേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജീവിതം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ട്രോമയില്‍ നിന്നും കുറ്റബോധങ്ങളില്‍ നിന്നും പേടി സ്വപ്നങ്ങളില്‍ നിന്നും രക്ഷപ്പെടും. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ് വായിക്കാത്തവരുണ്ടെങ്കില്‍ വായിക്കുക.

ലോറന്‍സ് ഓഫ് അറേബ്യ എന്ന സിനിമയിലൂടെ പില്‍ക്കാലത്തു പ്രശസ്തനായ ടി. ഇ. ലോറന്‍സ്, 1916ല്‍ അറേബ്യയിലേക്ക് ആദ്യമായി യാത്ര ചെയ്തപ്പോള്‍ എഴുതിയ കുറിപ്പുകളില്‍ നടത്തിയ ഒരു നിരീക്ഷണമുണ്ട്. ഇന്നാട്ടില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരേ വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്ന്. ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസിങ്. അന്നും ഇന്നും അറബികള്‍, ആണുങ്ങളും പെണ്ണുങ്ങളും, ഒരേ വസ്ത്രങ്ങളാണ് ധരിക്കുന്നത്. നമ്മള്‍ മേക്സി എന്ന് വിളിക്കുന്ന തലയിലൂടെ താഴേക്കിടുന്ന നീളന്‍ വസ്ത്രം പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നതാണ് അറബ് രീതി. നിറത്തിലും അലങ്കാരങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടാകും എന്നേയുള്ളൂ.

ഇത് തന്നെയാണ് മറ്റു മുസ്‌ലിം പ്രദേശങ്ങളിലെയും സ്ഥിതി. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍, സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന വിവിധ മുസ്‌ലിം പ്രദേശങ്ങളിലൊക്കെ ഇതായിരുന്നു സ്ഥിതി. നമ്മള്‍ ചുരിദാര്‍ എന്നും സല്‍വാര്‍ കമ്മീസ് എന്നും തരം പോലെ വിളിക്കുന്ന അയഞ്ഞ പാന്റും നീളന്‍ ഷര്‍ട്ടും. കശ്മീര്‍ മുതല്‍ ഹൈദരാബാദ് വരെയുള്ള ഇന്ത്യന്‍ മുസ്‌ലിംകളും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ധരിക്കുന്നത് ഇതേ വസ്ത്രത്തിന്റെ പലവിധ വകഭേദങ്ങളാണ്.

ബ്രിട്ടീഷ് അധിനിവേശം നടന്നതിന് ശേഷം ചില മുസ്‌ലിം പുരുഷന്മാര്‍ സായിപ്പന്മാരെ അനുകരിച്ചു പാന്റും ഷര്‍ട്ടും ധരിക്കാന്‍ തുടങ്ങുന്നത് വരെ മുസ്‌ലിം വസ്ത്രങ്ങള്‍ക്കിടയില്‍ ജന്‍ഡര്‍ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരെ കാര്യമായി അനുകരിക്കാത്ത പ്രദേശങ്ങളില്‍ ഇന്നും ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളാണ് മുസ്‌ലിംകള്‍ ധരിക്കുന്നത്, ഉദാഹരണത്തിന് അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍. കേരളത്തിലും അടുത്ത കാലം വരെ മുസ്‌ലിംകള്‍ക്കിടയില്‍ ഭാഗികമായെങ്കിലും ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. മുണ്ടും മുന്‍ഭാഗത്ത് കുടുക്ക് വയ്ക്കുന്ന ഷര്‍ട്ടും.

എം. കെ. മുനീറിനെ പോലുള്ളവര്‍ ബ്രിട്ടീഷ് വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു ലോകം മുഴുവന്‍ മുസ്‌ലിം ആണുങ്ങള്‍ ധരിക്കുന്ന ചുരിദാര്‍, സല്‍വാര്‍-കമ്മീസ്, മാക്സി തുടങ്ങിയവ ധരിച്ചു തുടങ്ങിയാല്‍ കേരള മുസ്‌ലിം വസ്ത്രങ്ങള്‍ വീണ്ടും ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളാവും. സെക്സ് എഡ്യൂക്കേഷനും ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളും നൂറ്റാണ്ടുകളായുള്ള മു്‌സലിം പാരമ്പര്യങ്ങളാണ്. അതൊക്കെ മറ്റുള്ളവര്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ എം. കെ. മുനീറിനെ പോലുള്ളവര്‍ എതിര്‍ക്കുന്നത് എന്തിനായിരിക്കും?

രണ്ട് – ഏകതയും തുല്യതയും.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിവാദങ്ങളില്‍ ആരും പരാമര്‍ശിക്കാത്തതും എന്നാല്‍ ഏറ്റവും പരിഗണയര്‍ഹിക്കുന്നതുമായ ഭാഗമാണ് യൂണിഫോം എന്ന ആശയത്തിന് ഇനിയങ്ങോട്ട് പ്രസക്തിയുണ്ടോ എന്നത്. യൂണിഫോം വരുവാനുണ്ടായ കാരണങ്ങള്‍ രണ്ടായിരുന്നു, പാവപ്പെട്ടവനും പണക്കാരനും ഒരേ വസ്ത്രം ധരിച്ചാല്‍ പാവപ്പെട്ട കുട്ടിക്ക് അപകര്‍ഷതാ ബോധം ഉണ്ടാകില്ല എന്ന ഒരു കാരണം. എല്ലാവരും തുല്യരാണ് എന്ന ബോധം കുട്ടികളില്‍ ചെറുപ്പത്തിലേ ഉണ്ടായി വരും എന്ന മറ്റൊരു കാരണം.

വസ്ത്രങ്ങളില്‍ പണത്തിന്റെ സ്വാധീനം ക്രമേണ ഇല്ലാതായി. യൂണിഫോം ഇല്ലാത്ത അമേരിക്കയിലെയും കാനഡയിലേയുമൊക്കെ ധനികരായ സ്‌കൂള്‍ കുട്ടികള്‍ വില കൂടിയ വസ്ത്രങ്ങളൊന്നുമല്ല ധരിക്കുന്നത്. ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന് കുട്ടികള്‍ക്ക് തോന്നുന്ന നൈറ്റ് പാന്റും ഹൂഡിയും ആണ് മിക്ക കുട്ടികളും ധരിക്കുക. കേരളത്തിലും യൂണിഫോം എടുത്തു കളഞ്ഞാല്‍ അഞ്ഞൂറോ ആയിരമോ രൂപക്ക് കിട്ടുന്ന നെറ്റ്പാന്റും ഹൂഡി അല്ലെങ്കില്‍ ടീഷര്‍ട്ടും ഇട്ടായിരിക്കും മിക്ക കുട്ടികളും സ്‌കൂളില്‍ വരിക. ആരെങ്കിലും വിലകൂടിയ പട്ടുവസ്ത്രങ്ങളൊക്കെ അണിഞ്ഞു സ്‌കൂളില്‍ വന്നാല്‍ തന്നെ ആ കുട്ടിയെ അറുബോറനായിട്ടെ മറ്റു കുട്ടികള്‍ കരുതൂ. നല്ല വസ്ത്രങ്ങള്‍ പണക്കാര്‍ക്ക് മാത്രം ലഭിച്ചിരുന്ന പണ്ടത്തെ യൂണിഫോമിനായുള്ള ന്യായം ഇന്നില്ല. സ്മാര്‍ട്ഫോണ്‍ പോലെയായി വസ്ത്രങ്ങള്‍, ആരുടെയടുത്തു ഏതു ബ്രാന്‍ഡാണെന്നൊന്നും ആരും നോക്കില്ല, നോക്കിയയുടെ കാലമല്ല ഇത്.

അതിലും പഴഞ്ചനാണ് ഏകതാ സങ്കല്‍പം. മനുഷ്യര്‍ക്കിടയില്‍ ഏകതയല്ല തുല്യതയാണ് ഉള്ളത് എന്നതാണ് ആധുനിക സങ്കല്‍പം. അത് മനസിലാക്കിയാണ് കുട്ടികള്‍ വളരേണ്ടത്. മനുഷ്യര്‍ വ്യത്യസ്തരാണ്, വെളുത്തവര്‍, കറുത്തവര്‍, ഉയരമുള്ളവര്‍, ഇല്ലാത്തവര്‍, കണക്കു കൂട്ടാന്‍ കഴിവുള്ളവര്‍, ഇല്ലാത്തവര്‍, എഴുതാന്‍ കഴിവുള്ളവര്‍, ഇല്ലാത്തവര്‍, ചിത്രം വരക്കുന്നവര്‍, വരക്കാത്തവര്‍, കാശുള്ളവര്‍, ഇല്ലാത്തവര്‍, ഇങ്ങനെ വൈവിധ്യങ്ങളുടെ കലവറയാണ് മനുഷ്യര്‍. വൈവിധ്യങ്ങള്‍ മറച്ചു വച്ച് കൃത്രിമമായുണ്ടാക്കുന്ന ഏകത കുട്ടികള്‍ക്ക് ഭാവിയില്‍ ദോഷമേ ചെയ്യൂ. തുല്യത എന്നാല്‍ അവകാശങ്ങളിലെ തുല്യതയാണ്, വൈവിധ്യങ്ങളെ കപടമായ മറച്ചു പിടിക്കുന്ന ഏകതയല്ല. അത് കൊണ്ടാണ് മിക്ക രാജ്യങ്ങളും യൂണിഫോം എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നത്. യൂണിഫോം എന്ന ആശയം പഴഞ്ചനും പ്രതിലോമകരവുമാണ്.

മൂന്ന് – ചില മൂത്രശങ്കകള്‍.

മിക്ക മലയാളി പുരുഷന്മാരും കരുതുന്നത് സ്ത്രീകള്‍ക്ക് സാരിയോ പാവാടയോ ഉടുക്കുന്നതാണ് മൂത്രമൊഴിക്കാന്‍ സൗകര്യം എന്നും പാന്റിട്ടാല്‍ മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടാണ് എന്നുമാണ്. എങ്ങനെയാണ് ഈയൊരു വിവരം പുരുഷന്മാര്‍ക്ക് കിട്ടിയത് എന്നറിയില്ല. മിക്ക പുരുഷന്മാരും സ്ത്രീകള്‍ മൂത്രമൊഴിക്കുന്നത് കണ്ടിരിക്കാന്‍ വഴിയില്ല. ചില സ്ത്രീകളുമായി സംസാരിച്ചതില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ പങ്കുവെക്കാം.

ഒന്നാമതായി സ്ത്രീകള്‍ക്ക് വേണ്ടത് വൃത്തിയുള്ള പബ്ലിക് ടോയ്ലറ്റുകളാണ്. വൃത്തിയില്ലാത്ത പബ്ലിക് ടോയ്ലറ്റുകളില്‍ നിന്ന് ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് വളരെ കൂടുതലാണ്. പുരുഷന്മാര്‍ പൊതുവെ നിന്ന് മൂത്രമൊഴിക്കുന്നത് കൊണ്ട് അവരുടെ ശരീരം ടോയ്‌ലെറ്റ് സീറ്റ് തൊടില്ല, അതുകൊണ്ട് ഇന്‍ഫെക്ഷനും വരില്ല. സ്ത്രീകളുടെ സ്ഥിതി തിരിച്ചാണ്. ടോയ്ലറ്റ് സീറ്റ് പൊക്കി വെക്കാതെയും ശ്രദ്ധയില്ലാതെയും മൂത്രമൊഴിച്ചു ടോയ്ലറ്റ് സീറ്റ് വൃത്തികേടാക്കുന്ന പുരുഷ കേസരികളാണ് സ്ത്രീകളുടെ ഒന്നാമത്തെ ശത്രു. അതവിടെ നില്‍ക്കട്ടെ.

സാരിയോ പാവാടയോ ആകുമ്പോള്‍ താഴെ നിന്ന് മുകളിലേക്ക് പൊക്കി എളുപ്പത്തില്‍ മൂത്രമൊഴിക്കാം എന്നാണ് ഇവ രണ്ടും ഒരിക്കല്‍ പോലും ഉടുത്തിട്ടില്ലാത്ത പുരുഷന്മാരുടെ തോന്നല്‍. നമ്മള്‍ ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കാത്തവരായത് കൊണ്ട് കേരളത്തിലെ ടോയ്ലറ്റുകള്‍ മുഴുവന്‍ നനഞ്ഞിട്ടായിരിക്കും. കൂടാതെ എങ്ങോട്ടൊക്കെയാണ് വെള്ളം തെറിക്കുക എന്ന് ദൈവത്തിനു പോലും അറിയാത്ത ഒരു പൈപ്പ് ആയിരിക്കും മിക്ക പബ്ലിക് ടോയ്ലറ്റുകളിലും ഉള്ളത്. സാരി മുകളിലോട്ട് പൊക്കുക മാത്രമല്ല ചെയ്യേണ്ടത്, അടിവസ്ത്രം താഴേക്ക് താഴ്ത്തുകയും വേണം. ഇതിനിടയില്‍ തറയിലെയോ ക്ലോസെറ്റിലെയോ നനവില്‍ എവിടെയും തട്ടാതെ സാരി പൊക്കിപ്പിടിക്കുക എന്നത് ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മത വേണ്ട സംഗതിയാണ്. എന്നാല്‍ പാന്റ് അങ്ങനെയല്ല. പാന്റും അടിവസ്ത്രവും ഒന്നിച്ച് താഴ്ത്താം. നനയാനുള്ള സാധ്യത തീരെയില്ലാത്തത് കൊണ്ട് മൂത്രമൊഴിക്കല്‍ ഒരു പെടാപ്പാടാവുകയില്ല. ലൂസ് ആയിട്ടുള്ള നൈറ്റ് പാന്റ് ആണെങ്കില്‍ മുട്ട് വരെ താഴ്ത്തിയാല്‍ മതി. ഇലാസ്റ്റിക്കോ നാടയോ ആണെങ്കില്‍ താഴ്ത്താനും എളുപ്പമാണ്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുള്ള പെണ്‍കുട്ടികള്‍ നൈറ്റ് പാന്റും ടീഷര്‍ട്ടും ധരിക്കാന്‍ താല്‍പര്യപ്പെടുന്നത്.

ശര്‍വാനി ധരിച്ച ഒരു കല്യാണ ചെറുക്കന്‍ പബ്ലിക് ടോയ്‌ലെറ്റില്‍ പോയ അവസ്ഥയാണ് സാരിയുടുത്ത സ്ത്രീകള്‍ എല്ലാ ദിവസവും അഭിമുഖീകരിക്കുന്നത് എന്നാണ് ഒരു സ്ത്രീ പറഞ്ഞത്. പുരുഷ കേസരികളോട് ഒന്നേ പറയാനുള്ളൂ – നിങ്ങള്‍ക്ക് യാതൊരു ഐഡിയയും ഇല്ലാത്ത വിഷയങ്ങളില്‍ കയറി അഭിപ്രായം പറയരുത്.

നാല് – എടാ എടീ വിളികള്‍

”ലോകത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നുകഴിഞ്ഞാല്‍ സ്ത്രീകളെ എടാ എന്നാണ് വിളിക്കുക” ലോകം മുഴുവന്‍ യാത്ര ചെയ്യുന്നവനെന്നും പരന്ന വായനയുള്ളയാളെന്നും മാധ്യമങ്ങള്‍ നമുക്ക് പരിചയപ്പെടുത്തിയ എം. കെ. മുനീര്‍ പറഞ്ഞ വാചകമാണ്. കോളേജുകളില്‍ അതത് കാലത്തു വരുന്ന ചില ഫാഷന്‍ പ്രയോഗങ്ങളെ ലോകം മുഴുവനുള്ള ഒരു ആശയമായി തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഈ ലോകത്ത് ജെന്‍ഡര്‍-ന്യൂട്രല്‍ ലാംഗ്വേജ് അല്ലെങ്കില്‍ ജെന്‍ഡര്‍ ഇന്‍ക്ലസിവ് ലാംഗ്വേജ് എന്ന ഒരു ആശയമുണ്ട്. ലോകത്ത് പല ദേശങ്ങളും ഭാഷകളും അതിനായി പ്രയത്‌നിക്കുന്നുണ്ട്. ജെന്‍ഡര്‍ സ്പെസിഫിക്കായുള്ള ഒരുപാട് വാക്കുകള്‍ ഭാഷകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് സ്വീഡിഷ് ഭാഷയില്‍ ഇപ്പോള്‍ he / she എന്നൊഴിവാക്കി hen എന്നൊരു വാക്കാണ് ഉപയോഗിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും മിക്ക യൂണിവേഴ്സിറ്റികളിലും നമുക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ അഭിസംബോധനകള്‍ സ്വീകരിക്കാം. പണ്ട് ബഹുവചനമായി ഉപയോഗിച്ചിരുന്ന they/them എന്നീ വാക്കുകള്‍ ഇപ്പോള്‍ ഏകവചനമായ ജെന്‍ഡര്‍ ന്യൂട്രല്‍ പദമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പലരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ they/them  എന്ന് കാണാം. അതിനര്‍ത്ഥം അവരെ he/she എന്ന് അഭിസംബോധന ചെയ്യാന്‍ പാടില്ല എന്നാണ്. ഇന്റര്‍നെറ്റ് മുഴുവന്‍ ഇത് സംബന്ധിച്ച വിവരങ്ങളുള്ളത് കൊണ്ട് നീട്ടുന്നില്ല.

ത്രയും വലിയ ഒരു സോഷ്യല്‍ മൂവേമെന്റ് എം. കെ. മുനീര്‍ അറിയാത്തതാവില്ല. എം.എസ്.എഫുകാരുടെ കയ്യടിക്ക് വേണ്ടി അറിഞ്ഞിട്ടില്ല എന്ന് ഭാവിച്ചതാവാനേ വഴിയുള്ളൂ.

Content Highlight: Unity  Equality Madrasa and  M. K. Munir

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more