ന്യൂദല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തിനിടയില്‍ ഗുസ്തി താരങ്ങളോടുള്ള പെരുമാറ്റത്തെ അപലപിച്ച് അന്താരാഷ്ട്ര ഗുസ്തി താരങ്ങളുടെ സംഘടന. ജന്തര്‍മന്തറിലെ സമരത്തിനിടെ താരങ്ങളെ അറസ്റ്റ് ചെയതതില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് അതൃപ്തി അറിയിച്ചു.
ഡബ്ല്യു.എഫ്.ഐ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു മുന്നറിയിപ്പ നല്‍കി. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കായിക മന്ത്രാലയം ഡബ്ല്യു.എഫ്.ഐയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
തുടര്‍ന്ന് ജനുവരിയില്‍ അടുത്ത തെരഞ്ഞെടുപ്പ് ജനറല്‍ അസംബ്ലി നടത്താന്‍ 45 ദിവസ സമയപരിധിയാണ് നിശ്ചയിച്ചിരുന്നത്. ഇതിനെ കുറിച്ചാണ് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്.
‘തെരഞ്ഞെടുപ്പ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന 45 ദിവസത്തെ സമയപരിധി മാനിക്കപ്പെടും. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് യു.ഡബ്ല്യു.ഡബ്ല്യു നീങ്ങും,’ പ്രസ്താവനയില്‍ പറയുന്നു.
താരങ്ങളോടുള്ള പെരുമാറ്റത്തെയും അറസ്റ്റിനെയും അപലപിച്ച യു.ഡബ്ല്യു.ഡബ്ല്യു അന്വേഷണത്തിലും അതൃപ്തി അറിയിച്ചു. പരാതിയില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താനും സംഘടന ആവശ്യപ്പെട്ടു.
‘പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചതിന് പൊലീസ് താരങ്ങളെ അറസ്റ്റ് ചെയ്യുകയും താല്‍ക്കാലികമായി കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവങ്ങള്‍ ഏറെ ആശങ്കാജനകമാണ്. എത്രയോ ദിവസങ്ങളായി അവര്‍ സമരം ചെയ്തിരുന്ന സമരം പന്തലും ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റി,’ യു.ഡബ്ല്യു.ഡബ്ല്യു പ്രസ്താവനയില്‍ പറയുന്നു. വരും ദിവസങ്ങളില്‍ താരങ്ങളെ സന്ദര്‍ശിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, മെഡലുകള്‍ ഗംഗയിലൊഴുക്കാനെത്തിയ രാജ്യത്തിന്റെ അഭിമാനതാരങ്ങളായ ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും പൊലീസും വരെ നോക്കുകുത്തി ആയിടത്താണ് താരങ്ങളെ ആശ്വസിപ്പിക്കാനും അസാധാരണമായ സമരരീതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും കര്‍ഷക നേതാക്കള്‍ ഓടിയെത്തിയത്.
എന്നാല്‍ അഞ്ച് ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കില്‍ ഗംഗയില്‍ ഒഴുക്കാന്‍ തിരിച്ചെത്തുമെന്ന് താരങ്ങള്‍ കര്‍ഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്.
മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ സമരം ചെയ്യുകയാണ്.
CONTENTHIGHLIGHT: united world wrestling condemning the situation of wrestling protesters