|

ക്യൂബയെ ഭീകരവാദ സ്പോണ്‍സര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയല്‍ രാജ്യമായ ക്യൂബയുമായുള്ള നയതന്ത്ര ബന്ധത്തെ സ്വാധീനിക്കുന്ന സുപ്രധാന തീരുമാനം കൈക്കൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍. ക്യൂബയെ തീവ്രവാദ സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് യു.എസ് ഭരണകൂടം അറിയിച്ചു.

ക്യൂബയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ക്യൂബ തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന് സാധൂകരിക്കുന്ന ഒരു വിവരങ്ങളും തങ്ങളുടെ പക്കലില്ലെന്ന്‌ ഒരു മുതിര്‍ന്ന യു.എസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പുറമെ അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ തടവുകാരെയും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന മറ്റ് ആളുകളേയും മോചിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളിലാണ് ഇക്കാര്യം തീരുമാനമായത്. ഇതോടെ 553 രാഷ്ട്രീയ തടവുകാരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്യൂബ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ നടപടിയെ പ്രശംസിച്ചു. എന്നാല്‍ രാജ്യത്തിന് മേലുള്ള യു.എസിന്റെ സാമ്പത്തിക ഉപരോധം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഉപരോധം ഇപ്പോഴും നിലവിലുണ്ടെന്നും ഇത് ക്യൂബന്‍ സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും വീണ്ടെടുക്കലിനും പ്രധാന തടസമാണെന്നും ജനങ്ങള്‍ക്ക് ഉയര്‍ന്ന് ജീവിത ചെലവാണ് ഇതുമൂലം ഉണ്ടാവുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം ട്രംപ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്യൂബയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് വലിയ അനിശ്ചിതത്വമുണ്ട്. എന്നാല്‍ തടവുകാരെ മോചിപ്പിക്കുന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല.

ഭീകരര്‍ക്ക് അഭയം നല്‍കി അന്താരാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് 2021ല്‍ ക്യൂബയെ തീവ്രവാദ സ്‌പോണ്‍സറായി യു.എസ് പട്ടികപ്പെടുത്തിയത്. ട്രംപ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം വന്നത്. 1982ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ക്യൂബയെ ആദ്യമായി ഈ പട്ടികയില്‍ ഉള്‍പെടുത്തിയത്. പിന്നീട് ഒബാമയുടെ ഭരണകാലത്താണ് ഇത് എടുത്ത് മാറ്റിയത്.

ട്രംപിന്റെ തീരുമാനത്തോടെ ക്യൂബയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ യു.എസ് ക്യൂബയ്ക്കുള്ള വിദേശ സഹായം നിയന്ത്രിക്കുകയും പ്രതിരോധ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയും വില്‍പ്പനയും നിരോധിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ പുതിയ തീരുമാനത്തെ കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റായ ഗുസ്താവോ പെട്രോ, സ്വാഗതം ചെയ്തു. ഭാഗികമായെങ്കിലും ഉപരോധങ്ങള്‍ നീക്കുന്നത് ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സമീപ വര്‍ഷങ്ങളില്‍ നിരവധി ലാറ്റിനമേരിക്കന്‍ നേതാക്കള്‍ ക്യൂബയുടെ ഭീകരവാദ പദവി നീക്കം ചെയ്യണമെന്ന് ബൈഡന്‍ ഭരണകൂടത്തോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്ക് എന്നിവരെല്ലാം ഉപരോധം നീക്കാന്‍ പല തവണ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: United States to remove Cuba from state sponsors of terror list

Video Stories