വാഷിങ്ടണ്‍: ഇന്ത്യയില്‍ ഗുജറാത്ത് കലാപസമയത്ത് ബില്‍ക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളെ വിട്ടയച്ച സംഭവത്തില്‍ പ്രതികരിച്ച് യു.എസ് ഗവണ്‍മെന്റ് ബോഡി.
യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (The United States Commission on International Religious Freedom- USCIRF) ആണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം.
പ്രതികളെ വെറുതെ വിട്ട സംഭവം തീര്‍ത്തും അനീതിയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
”2002ലെ ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായിരുന്ന മുസ്‌ലിം സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മുസ്‌ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പുരുഷന്മാരെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് മുമ്പേ അന്യായമായി നേരത്തെ വിട്ടയച്ചതിനെ യു.എസ്.സി.ഐ.ആര്‍.എഫ് ശക്തമായി അപലപിക്കുന്നു,” വെള്ളിയാഴ്ച പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.
യു.എസ്.സി.ഐ.ആര്‍.എഫ് വെസ് ചെയര്‍പേഴ്‌സണ്‍ അബ്രഹാം കൂപ്പറിന്റെ പ്രസ്താവനയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്.
”പ്രതികളുടെ ഈ മോചനം ‘നീതിയോടുള്ള പരിഹാസമാണ്’. ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളില്‍ പ്രതികളാക്കുന്നവര്‍ ആസ്വദിക്കുന്ന ‘ശിക്ഷയുടെ പാറ്റേണിന്റെ’ മറ്റൊരു ഉദാഹരണമാണിത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ ശാരീരികവും ലൈംഗികവുമായ അക്രമം നടത്തിയവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും ശിക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് നീതിയുടെ നേരെയുള്ള പരിഹാസമാണ്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരെ ശിക്ഷിക്കാതിരിക്കുന്ന, വെറുതെവിടുന്ന ഇന്ത്യയിലെ ഒരു പാറ്റേണിന്റെ ഭാഗമാണിത്,” യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്നെക്ക് (Stephen Schneck) കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപത്തിനിടെ അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ ക്രൂരമായി പീഡിപ്പിക്കുകയും അവരുടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ പാനലിന്റെ നിര്‍ദേശപ്രകാരമാണ് വെറുതെ വിട്ടത്.
കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം റിലീസ് ചെയ്തത്.
2008ലായിരുന്നു ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ഗുജറാത്ത് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ഇവരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജയിലില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.
ജയിലില്‍ നിന്ന് പുറത്തുവന്ന പ്രതികളെ ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മാലയിട്ടും മധുരം നല്‍കിയുമായിരുന്നു സ്വീകരിച്ചത്.
Content Highlight: United States Religious Freedom Panel Condemns the release of Convicts in Bilkis Bano Case, says Pattern of Impunity