ഹവാന: ക്യൂബന്‍ വിമതരുടെ അറസ്റ്റില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു.എസ്. ഹവാന റവല്യൂഷന്‍ ചത്വരത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് പദ്ധതിയിട്ടതിനെ തുടര്‍ന്നാണ് വിമതരെ പോലീസ് അറസ്റ്റു ചെയ്തതെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ സഹിഷ്ണുത പരീക്ഷിക്കുന്നതിനായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറയുന്നു. യു.എസും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഡിസംബര്‍ 17 അവര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ ചരിത്ര പ്രഖ്യാപനത്തിനു പിന്നാലെ അന്തര്‍ദേശീയ ചുമതലകള്‍ നിര്‍വഹിക്കാന്‍ ക്യൂബന്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യൂബന്‍ സര്‍ക്കാര്‍ തുടരുന്ന പീഡനങ്ങളും സ്വേച്ഛാപരമായ അറസ്റ്റും ഞങ്ങള്‍ അപലപിക്കുന്നെന്നും യു.എസ് പറഞ്ഞു.
വിമതര്‍ അറസ്റ്റിലായ വിവരം ക്യൂബയിലെ അറിയപ്പെടുന്ന ബ്ലോഗറായ യോനി സാന്‍ചെയാണ് പുറത്തുവിട്ടത്. തന്റെ ഭര്‍ത്താവും, റിനാള്‍ഡോ എസ്‌കോബാറും എലിസര്‍ അവിലയും അറസ്റ്റിലായെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ക്യൂബന്‍ പ്രതിപക്ഷ വെബ്‌സൈറ്റായ Catorce y Medioയുടെ സ്ഥാപകയാണ് സാന്‍ചെ. താനിപ്പോള്‍ വീട്ടു തടങ്കലിലാണെന്നാണ് അവര്‍ പറയുന്നത്. വെബ്‌സൈറ്റിന്റെ സീനിയര്‍ എഡിറ്ററായ എസ്‌കോബാറിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കുശേഷം വിട്ടയച്ചു.
പെര്‍ഫോമെന്‍സ് ആര്‍ട്ടിസ്റ്റായ താനിയ ബ്രുഗ്യൂറ സംഘടിപ്പിച്ച “ഓപ്പണ്‍ മൈക്രോഫോണ്‍” പ്രതിഷേധത്തെ പിന്തുണച്ചതിനാണ് ഇവര്‍ പോലീസ് പിടിയിലായത്. ഹവാനയിലെ റവല്യൂഷന്‍ ചത്വരത്തിലെ പ്രതിഷേധ പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബ്രുഗ്യൂറയെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് അവരെ വിട്ടയച്ചെങ്കിലും ഹവാനയില്‍ പത്രസമ്മേളനം നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീണ്ടും കസ്റ്റഡിയിലെടുത്തെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്യുന്നത്.
51 വിമതരെ കസ്റ്റഡിയിലെടുത്തെന്നും ഇതില്‍ 15 പേര്‍ ഇപ്പോഴും ജയിലിലാണെന്നുമാണ് സാന്‍ചെ പറയുന്നത്. എന്നാല്‍ ക്യൂബന്‍ അധികൃതരോ സ്‌റ്റേറ്റ് മീഡിയയോ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.