| Tuesday, 16th April 2024, 3:20 pm

മണ്ണിപ്പൂർ വിഷയത്തിൽ കോൺഗ്രസ്‌ എം.പി നിശബ്ദൻ; തോമസ് ഐസക്കിന് പിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ തോമസ് ഐസക്കിന് പരസ്യ പിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്.

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസ്‌ നിശബ്ദത പാലിച്ചതാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെ പിന്തുണക്കാൻ സിനഡിനെ പ്രേരിപ്പിച്ചത്.

പത്തനംതിട്ട എം. പി പാർലമെന്റിൽ മണിപ്പൂർ വിഷയത്തെ കുറിച്ച് നിശബ്ദത പാലിച്ചെന്നും സിനഡ് നേതൃത്വം ആരോപിച്ചു. പത്തനംതിട്ട മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വിശ്വാസികളായ ആളുകൾ ഉണ്ടെന്നാണ് സിനഡിന്റെ കണക്ക്. സ്വതന്ത്ര പെന്തകോസ്ത് സഭകളടക്കം ഉൾപ്പെടുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത് ഇവരെ പ്രതിനിധീകരിച്ചാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കുമെന്നും പി. ഡി.പി. പാർട്ടിയും അറിയിച്ചിരുന്നു.

മതേതര രാജ്യത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ ചെറുക്കണമെങ്കിൽ ഇടതു മതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. പി.ഡി.പി പാർട്ടി ചെയർമാൻ അബ്ദുൽ നാസർ മദനി ഇതിന് അംഗീകാരം നൽകിയതായും നേതാക്കൾ അറിയിച്ചിരുന്നു.

Content Highlight: United Pentecost Synod in support of Thomas Isaac

We use cookies to give you the best possible experience. Learn more