തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ ഗൂഢലക്ഷ്യത്തോടുകൂടിയുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലക്ക് കൂട്ടുനിന്ന് സര്‍ക്കാര്‍ നഴ്‌സുമാരെ വഞ്ചിച്ചെന്ന് നഴ്‌സുമാരുടെ സംഘടന. സര്‍ക്കാറിന്റെ ഒത്തുതീര്‍പ്പു ഫോര്‍മുല വഞ്ചനാപരവും ഇടതുപ്രകടന പത്രികയ്ക്കുവിരുദ്ധമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു.
സൂപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കണം എന്ന നമ്മുടെ മുദ്രാവാക്യം പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടിലേയും വീരകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലേയും നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല. 17200 ആണ് ഒരു സ്റ്റാഫ് നഴ്‌സിന് ഗവണ്മെന്റ് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന ശമ്പളം. ഇത് സംഘടന ആവശ്യപ്പെട്ടതിന്റെ അടുത്തുപോലും എത്തിയില്ല. ഡി.എ ഉണ്ടായിരുന്നത് ബേസിക് സാലറിയില്‍ ലയിപ്പിക്കുകയും ചെയ്തു. ട്രെയിനികള്‍ക് സാലറി വര്‍ദ്ധനവില്ല. ട്രെയിനി സിസ്റ്റം പിന്‍വലിക്കണം എന്ന യു.എന്‍.എയുടെ അവശ്യം പരിഗണിച്ചില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഒത്തുതീര്‍പ്പു ഫോര്‍മുല അംഗീകരിക്കുന്നില്ലെന്ന് യു.എന്‍.എ വ്യക്തമാക്കി.
നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചെന്ന തരത്തില്‍ നടത്തുന്ന പ്രചരണങ്ങളുടെ പൊള്ളത്തവും യു.എന്‍.എ തുറന്നുകാട്ടുന്നുണ്ട്.
“കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ഉയര്‍ന്ന ശമ്പളം 23,760 രൂപയും കുറഞ്ഞത് 18,232 രൂപയും എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതില്‍ വസ്തുതയുടെ ഒരു കണിക പോലും ഉണ്ടോയെന്ന് സംശയിക്കുന്നു. 800 ബെഡ് ഉള്ള ആശുപത്രികളിലെ ജനറല്‍ നഴ്‌സിന്റെ ആകെ ശമ്പളമാണ് മുഖ്യമന്ത്രി പറയുന്ന 23,760 രൂപ. ഈ തുക കിട്ടുന്നത് എറണാകുളം ജില്ലയിലെ ആസ്റ്റര്‍, അമൃത, ലിസി, എല്‍എഫ്, കോലഞ്ചേരി മെഡിക്കല്‍ മിഷണറി, തൃശൂര്‍ ജില്ലയിലെ ജൂബിലി മിഷന്‍, അമല മെഡിക്കല്‍ കോളജ്, കോഴിക്കോട് ജില്ലയിലെ ബേബി മെമോറിയല്‍ എന്നീ ആശുപത്രികളിലെ ജനറല്‍ നഴ്‌സുമാര്‍ക്ക് മാത്രമായിരിക്കും.” സംഘടന ചൂണ്ടിക്കാട്ടുന്നു.
തൃശൂരിലെ ജൂബിലി, അമല എന്നിവിടങ്ങളില്‍ അടുത്തിടെ പ്രഖ്യാപിച്ച് കരാറാക്കിയ 50 ശതമാനം ഇടക്കാലാശ്വാസത്തില്‍ നിന്ന് കേവലം ആറ് ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 800 ബെഡ് ആശുപത്രികള്‍ ഉള്‍പ്പെടെ സകലയിടത്തും പരിശോധിച്ചാല്‍ ബോധ്യമാകും മാഹാഭൂരിരക്ഷവും ട്രെയിനി എന്ന രീതിയില്‍ പണിയെടുപ്പിക്കുന്ന നഴ്‌സുമാരാണ്. ട്രെയിനി സമ്പ്രദായം അവസാനിപ്പിക്കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കാതെ ഇവര്‍ക്ക് 6000രൂപ നിശ്ചയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പരിശീലനം ലഭിച്ച നഴ്‌സുമാരെ ഒഴിവാക്കി ട്രെയിനികളെ കൂടുതലായി നിയമിക്കുന്ന സമീപനമാവും മാനേജ്‌മെന്റ് ഇനി സ്വീകരിക്കുകയെന്ന മുന്നറിയിപ്പും യു.എന്‍.എ നല്‍കുന്നു.
മുഖ്യമന്ത്രിയും സര്‍ക്കാരും പെരുപ്പിച്ച് കാട്ടുന്ന 24,760 രൂപ ലഭിക്കുക വിരലിലെണ്ണാവുന്ന നഴ്‌സുമാര്‍ക്ക് മാത്രമായിരിക്കും. ഇതില്‍ നിന്ന് പി.എഫ്, ഇ.എസ്.ഐ തുടങ്ങിയവയ്ക്ക് ഓഹരിയും മാനേജ്‌മെന്റുകളുടെ വക മെസ്, ക്ലീനിംഗ്, യൂണിഫോം തുടങ്ങിയ കട്ടിംഗും പിടിച്ചാല്‍ കിട്ടുന്നത് ഏകദേശം 19,000 രൂപയോളമാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളം 15,600 രൂപ കിട്ടേണ്ട ഏറ്റവും താഴെ തസ്തിതയില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് പി.എഫ്, ഇ.എസ്.ഐ പിടുത്തവും നേരത്തെ സൂചിപ്പിച്ച മാനേജ്‌മെന്റ് കട്ടിംഗും തീര്‍ത്താല്‍ 10,000 രൂപയ്ക്കടുത്തുമാത്രെ കയ്യില്‍ ലഭിക്കൂവെന്നും യു.എന്‍.എ ചൂണ്ടിക്കാട്ടുന്നു.
ഇതു നേഴ്‌സ്മാരുടെ കണ്ണില്‍ പൊടിയിട്ട് സമരം തകര്‍ക്കാനുള്ള ഗൂഢനീക്കം ആയേ കാണാന്‍ കഴിയൂ. ഈ തുച്ഛമായ വര്‍ദ്ധനവ് അംഗീകരിച്ച് ഞങ്ങളുടെ കൂടെ നിന്ന നഴ്സിംഗ് സമൂഹത്തെ ഒറ്റിക്കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ല. എല്ലാ നേഴ്‌സ്മാര്‍ക്കും ഏറ്റവും കുറഞ്ഞ അടിസ്ഥാന വേതനം 20000 രൂപ എന്ന നമ്മുടെ മുദ്രാവാക്യത്തില്‍ നിന്നും ഒരടി പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും സംഘടന വ്യക്തമാക്കി.