ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ.
മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള യു.എന്നിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മേരി ലോവര്‍ ആണ് വിഷയത്തില്‍ പ്രതികരിച്ചത്.
”വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല.
അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു,” മേരി ലോവര്‍ ട്വിറ്ററില്‍ കുറിച്ചു.
Deeply concerned by reports of #WHRD Teesta Setalvad being detained by Anti Terrorism Sqaud of Gujarat police. Teesta is a strong voice against hatred and discrimination. Defending human rights is not a crime. I call for her release and an end to persecution by #Indian state.
— Mary Lawlor UN Special Rapporteur HRDs (@MaryLawlorhrds) June 25, 2022
ശനിയാഴ്ചയായിരുന്നു മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറര്‍ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. ഇവരെ അഹമ്മദാബാദിലേക്കാണ് കൊണ്ടുപോയത്.
2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ഔദ്യോഗിക കണക്ക്.
Content Highlight: United Nations Special Rapporteur on Human Rights Defenders says Teesta Setalvad’s detention by Gujarat Police is deeply concerning