ന്യൂയോര്‍ക്ക്: താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്രസഭ.
ഇതുവരെ ഏതെങ്കിലുമൊരു രാജ്യത്തിന് വേണ്ടി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ഇടപെടലാണ് യു.എന്‍ അഫ്ഗാന് വേണ്ടി നടത്തുന്നത്. ഒരു രാജ്യത്തിന് വേണ്ടി നടത്തുന്ന ഏറ്റവും വലിയ ഹ്യുമാനിറ്റേറിയന്‍ അപ്പീലുമാണ്.
നേരത്തെ 4.4 ബില്യണ്‍ ഡോളറാണ് അഫ്ഗാനിലേക്ക് വേണ്ടതെന്നാണ് യു.എന്‍ പറഞ്ഞിരുന്നത്. എന്നാല്‍, അഫ്ഗാന്‍ അതിര്‍ത്തിക്ക് പുറത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുടെ പുനരധിവാസത്തിന് വേണ്ടി 623 മില്യണ്‍ കൂടെ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
നാല് കോടിക്കടുത്താണ്, 3.89 കോടി (39 മില്യണ്‍), അഫ്ഗാനിലെ ജനസംഖ്യ. ഇതില്‍ പകുതിയിലധികവും, അതായത് 22 മില്യണ്‍ ജനങ്ങള്‍, കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.എന്‍ പറഞ്ഞിരുന്നു.
2022 മാര്‍ച്ച് വരെ ഭക്ഷ്യ പ്രതിസന്ധി നീളുമെന്നാണ് കണക്കുകൂട്ടല്‍. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള സഹായം അഫ്ഗാന് അടിയന്തരമായി ലഭിക്കേണ്ടതിനായി യു.എന്‍ ഇടപെടുന്നത്.
ഇതിനിടെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാരിറ്റി ബേക്കറികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഫ്ഗാന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ ഹസാര ഫൗണ്ടേഷന്‍ കാബൂളിലെ രണ്ട് ബേക്കറികള്‍ വഴി പ്രതിസന്ധി നേരിടുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചതായാണ് റിപ്പോര്‍ട്ട്.
കാബൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി രണ്ട് ‘തബാസം ചാരിറ്റി ബേക്കറി’കള്‍ തുറന്നാണ് ഫൗണ്ടേഷന്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്. ദിവസേന ഏകദേശം 300ഓളം കുടുംബങ്ങള്‍ക്കാണ് ബേക്കറികള്‍ വഴി ഭക്ഷണമെത്തിക്കുന്നത്.
കൊവിഡ് മഹാമാരി, വരള്‍ച്ച, രാജ്യത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. പുതിയ താലിബാന്‍ സര്‍ക്കാരിന് രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ട ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.