ആഗോളതാപനത്തിന്റെ കാര്യത്തില്‍ ലോകം ഗുരുതര വെല്ലുവിളികള്‍ നേരിടുന്നു; അടിയന്തര ഇടപെടലുകളുണ്ടാകണം: അന്റോണിയോ ഗുട്ടെറെസ്
World News
ആഗോളതാപനത്തിന്റെ കാര്യത്തില്‍ ലോകം ഗുരുതര വെല്ലുവിളികള്‍ നേരിടുന്നു; അടിയന്തര ഇടപെടലുകളുണ്ടാകണം: അന്റോണിയോ ഗുട്ടെറെസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th March 2023, 4:01 pm

ന്യൂയോര്‍ക്ക്: ആഗോളതാപനം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ആഗോളതാപനത്തിന്റെ കാര്യത്തില്‍ ലോകം ഗുരുതര വെല്ലുവിളികള്‍ നേരിടുകയാണെന്നും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലഡിലെ ഇന്റര്‍ലേക്കനില്‍ നടക്കുന്ന യോഗത്തെ വെര്‍ച്വലായി അഭിസംബോധന ചെയ്യവെയാണ് ഗുട്ടെറെസ് ആഗോളതാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്, 2015ലെ പാരീസ് കാലാവസ്ഥ ഉടമ്പടിക്ക് ശേഷം തയ്യാറാക്കിയ ഏഴ് റിപ്പോര്‍ട്ടുകള്‍ക്ക് അന്തിമാനുമതി നല്‍കുന്നതിനുള്ള യോഗമാണ് ഇന്റര്‍ലേക്കനില്‍ നടക്കുന്നത്. 195 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

‘ലോകം വഴിത്തിരിവിലാണ്. തിരിച്ചുവരാന്‍ കഴിയാത്ത തരത്തിലുള്ള ഗുരുതര പ്രതിസന്ധിയിലേക്കാണ് ലോകത്തിന്റെ പോക്ക്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള ആഗോളതാപന പരിധിയായ 1.5 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും,’ ഗുട്ടെറെസ് പറഞ്ഞു.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക എന്നത് ശ്രമകരമാണെങ്കിലും കാലാവസ്ഥാ സന്തുലനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിലൂടെ ആഗോളതാപനത്തിന്റെ വ്യാപ്തി പരിമിതപ്പെടുത്താന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ട ഗുട്ടെറെസ് വിഷയത്തില്‍ ലോകനേതാക്കള്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി.