| Monday, 12th September 2022, 6:06 pm

നിര്‍ബന്ധിത വിവാഹവും തൊഴിലെടുപ്പിക്കലും; ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ 'ആധുനിക അടിമത്ത'ത്തിന്റെ ഇരകളെന്ന് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകത്ത് അമ്പത് മില്യണ്‍ ജനങ്ങള്‍ ‘ആധുനിക അടിമത്ത’ത്തിന്റെ ഇരകളാണെന്നും ഇവര്‍ നിര്‍ബന്ധിത വിവാഹത്തിലും നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലും കുടുങ്ങി കിടക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ.

ഈ കണക്കുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയരുകയാണെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.

യു.എന്നിന്റെ ലേബര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ ഏജന്‍സികള്‍ക്കൊപ്പം വാക്ക് ഫ്രീ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2030ഓടെ ലോകത്തെമ്പാട് നിന്നും എല്ലാ രൂപത്തിലുമുള്ള ‘ആധുനിക അടിമത്തം’ (modern slavery) തുടച്ചുനീക്കാനാണ് യു.എന്‍ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ 2016നും 2021നുമിടയില്‍ നിര്‍ബന്ധിത തൊഴിലിലും നിര്‍ബന്ധിത വിവാഹത്തിലും പെട്ടുപോയ ആളുകളുടെ എണ്ണം 10 മില്യണ്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യ എടുക്കുമ്പോള്‍ 150 പേരില്‍ ഒരാള്‍ ആധുനിക അടിമത്തത്തിന് ഇരയാക്കപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 28 ദശലക്ഷം ആളുകള്‍ നിര്‍ബന്ധിത തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതായും 22 ദശലക്ഷം ജനങ്ങള്‍ നിര്‍ബന്ധിത വിവാഹബന്ധത്തില്‍ പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

”നിലനില്‍ക്കുന്ന ആധുനിക അടിമത്തത്തിന്റെ അവസ്ഥ മെച്ചപ്പെടുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അടിസ്ഥാനപരമായ ഈ മനുഷ്യാവകാശങ്ങളുടെ ദുരുപയോഗത്തെയും ലംഘനത്തെയും ഒരിക്കലും ന്യായീകരിക്കാനാവില്ല,” ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) തലവന്‍ ഗൈ റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് മഹാമാരി, കാലാവസ്ഥാ വ്യതിയാനം, സായുധ സംഘര്‍ഷങ്ങള്‍ എന്നിവ ലോകത്ത് ആധുനിക രീതികളിലുള്ള അടിമത്തം വര്‍ധിക്കാന്‍ കാരണമായതായും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും ഇരയാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Content Highlight: United Nations says about fifty million people in the world are trapped in Modern Slavery

We use cookies to give you the best possible experience. Learn more