ന്യൂയോര്‍ക്ക്: ഖത്തര്‍ ഭീകരര്‍ എന്നാരോപിച്ച് സൗദി അറേബ്യയും മറ്റ് മൂന്നു രാഷ്ട്രങ്ങളും നല്‍കിയ ലിസ്റ്റ് ഐക്യരാഷ്ട്ര സഭ തള്ളി. സൗദിയുടെ ലിസ്റ്റിന് നിയമസാധുതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലിസ്റ്റ് തള്ളിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഘടകങ്ങള്‍ നല്‍കിയ ലിസ്റ്റിനു മാത്രമേ അംഗീകാരം നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുള്ളൂവെന്നും യു.എന്‍ വ്യക്തമാക്കി.
ഖത്തറിലെ നിരവധി ചാരിറ്റികളെയും മനുഷ്യാവകാശ സംഘടനകളെയും ഉള്‍പ്പെടുത്തിയാണ് സൗദി ലിസ്റ്റു നല്‍കിയത്. ഖത്തര്‍ ചാരിറ്റി, ഷെയ്ക്ക് ഈദ് അല്‍ താനി ചാരിറ്റി ഫൗണ്ടേഷന്‍, ഷെയ്ക്ക് താനി ബിന്‍ അബ്ദുള്ള ഫൗണ്ടേഷന്‍ എന്നിവ ലിസ്‌റ്്‌റില്‍ ഇടംനേടിയിരുന്നു.
“രക്ഷാസേന പോലുള്ള യു.എന്‍ ഘടകങ്ങള്‍ തയ്യാറാക്കുന്ന ലിസ്റ്റിനു മാത്രമേ യു.എന്നിന് അംഗീകാരം നല്‍കാനാവൂ. മറ്റു ലിസ്റ്റുകളുമായി യു.എന്നിന് ബന്ധമില്ല.” യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേര്‍സിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന ഭാഗമായ യു.എന്‍.എച്ച്.സി.ആര്‍, യുനിസെഫ്, ദ വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ചാരിറ്റികള്‍ക്ക് സിറിയ, ഫസസ്തീന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ ഇടപെടലുകളുടെ പേരില്‍ 2014ല്‍ യു.എന്‍ ഒന്നാം റാങ്ക് നല്‍കിയിരുന്നു.