പോര്‍ട്ട് ലൂയിസ്: ബോബ് മാര്‍ളിയിലൂടെയും പീറ്റര്‍ ടോഷിലൂടെയും ലോകത്താകമാനമുള്ള സംഗീത പ്രേമികള്‍ക്ക് വന്യമായ സംഗീതാനുഭവം സമ്മാനിച്ച, സമാധാനവും അനീതിയും വശീയതയും തുറന്നു ചര്‍ച്ച ചെയ്യാനുള്ള മാധ്യമാക്കി സംഗീതത്തെ മാറ്റിയ റഗ്ഗെ സംഗീതം നിര്‍ബന്ധമായും സംരക്ഷിക്കപ്പെടേണ്ട സാംസ്‌കാരിക നിധികളുടെ ലിസ്റ്റില്‍ പെടുത്തി യു.എന്‍.
സംരക്ഷിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതുമായ ആഗോള സംസ്‌കാരങ്ങളാണ് യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയുടെ ഈ ലിസ്റ്റില്‍ പെടുത്താറുള്ളത്.
സ്‌നേഹത്തെക്കുറിച്ചും, മാനവികതയെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കാനുള്ള പ്രചോദനം റഗ്ഗെ സംഗീതം നല്‍കി യു.എന്‍. നിരീക്ഷിച്ചു. റഗ്ഗെയുടെ പ്രാരംഭദിശയില്‍ അത് അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു. ഇന്നത് ലോകം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. മത ലിംഗ സംസ്‌കാര ഭേദമന്യേ റഗ്ഗെ സംഗീതം പരക്കെ ആസ്വദിക്കപ്പെടുന്നു യു.എന്‍ പറഞ്ഞു.
മൗറീഷ്യസില്‍ നടന്ന യു.എന്‍ സാംസ്‌കാരിക സംരക്ഷണ കമ്മിറ്റിയുടെ സമ്മേളനത്തിലാണ് റഗ്ഗെ സംഗീതത്തെ ലിസ്റ്റില്‍ ഉള്‍പെടുത്തിയ വിവരം പുറത്തു വിട്ടത്. 2008ലാണ് യു.എന്‍ ഈ പട്ടിക തയ്യാറാക്കാന്‍ ആരംഭിച്ചത്.
ജമൈക്കയാണ് ലിസ്റ്റിലേക്ക് റെഗ്ഗയെ നിര്‍ദ്ദേശിച്ചത്. റെഗ്ഗെ പൂര്‍ണ്ണമായും ജമൈക്കനാണ് ജമൈക്കന്‍ സാംസ്‌കാരിക മന്ത്രി ഒലീവിയ ഗ്രന്‍ഗെ
പറഞ്ഞു. ഇത് നമ്മള്‍ നിര്‍മ്മിച്ച് ലോകത്തെ എല്ലാ മൂലകളിലേക്കും തറച്ചു കയറിയ സംഗീതമാണെന്നും ഒലീവിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിന്നുള്ള രാംലീല, ഹിമാലയത്തിലെ ബുദ്ധമതക്കാരുടെ പ്രാര്‍ത്ഥന, കിഴക്കേ ഇന്ത്യയിലെ ചൗ നൃത്തവും, യോഗയും പിന്നെ കുമ്പമേളയും സംരക്ഷിക്കപ്പെടേണ്ട സംസ്‌കാരങ്ങളുടെ യു.എന്‍ ലിസ്റ്റിലുണ്ട്.
Video Credits: Vevo
Image Credits: Jewel Samad/AFP