മാലിയിലെ 10 വര്‍ഷത്തെ സൈനിക ദൗത്യം അവസാനിപ്പിച്ച് ഐക്യരാഷ്ട്രസഭ
World News
മാലിയിലെ 10 വര്‍ഷത്തെ സൈനിക ദൗത്യം അവസാനിപ്പിച്ച് ഐക്യരാഷ്ട്രസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th December 2023, 8:27 pm

ബമാകോ: മാലിയിലെ 10 വര്‍ഷത്തെ സൈനിക വിന്യാസം ഔദ്യോഗികമായി അവസാനിപ്പിച്ച് ഐക്യരാഷ്ട്രസഭ. യു.എന്‍ സൈനികരെ രാജ്യത്ത് നിന്ന് പിന്‍വലിക്കണമെന്ന് മാലിയിലെ സൈനിക സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ നീക്കം. യു.എന്‍ മള്‍ട്ടിഡൈമന്‍ഷണല്‍ ഇന്റഗ്രേറ്റഡ് സ്റ്റെബിലൈസേഷന്‍ മിഷന്‍ എന്നതായിരുന്നു മാലിയിലെ യു.എന്‍ സൈനിക ദൗത്യം.

സൈനിക വിന്യാസം ഔദ്യോഗികമായി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മാലി തലസ്ഥാനമായ ബമാകോയിലെ യു.എന്‍ ആസ്ഥാനത്ത് യു.എന്‍ പതാക താഴ്ത്തിയതായി ഐക്യരാഷ്ട്രസഭയുടെ വക്താവ് ഫത്തൂമാറ്റ കബ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

10 വര്‍ഷങ്ങളായി 15,000 സൈനികരെയും പൊലീസുകാരെയും മാലിയില്‍ യു.എന്‍ വിന്യസിപ്പിച്ചിരുന്നു. 180 അംഗങ്ങള്‍ സൈനിക നടപടികള്‍ക്കിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദൗത്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന ഏതെങ്കിലും ഉപകരണങ്ങള്‍ മാലിയിലെ അധികാരികള്‍ക്ക് കൈമാറുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ‘ലിക്വിഡേഷന്‍ ഘട്ടം’ ജനുവരി 1ന് ശേഷം നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2013 മുതല്‍ യു.എന്‍ വിന്യസിച്ച ദൗത്യം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് 2020ല്‍ മാലിയിലെ അധികാരം പിടിച്ചെടുത്ത സൈനിക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാലിയിലെ സൈനിക സര്‍ക്കാര്‍ സഹേല്‍ മേഖലയിലെ സായുധ സംഘങ്ങളുടെ തുടര്‍ച്ചയായ ആക്രമണം നേരിടുന്നതിനിടയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സര്‍ക്കാരിന്റെ തീരുമാനം പ്രദേശിക നിയന്ത്രണത്തിനായി മാലിയന്‍ സേനയും സായുധ സംഘങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുമുണ്ട്.

യു.എന്‍ സേനക്ക് രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സായുധ സംഘടനകളുമായി നടന്ന ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ഉണ്ടായതാണ് റിപ്പോര്‍ട്ട്.

വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി മാലി സര്‍ക്കാര്‍ ഫ്രാന്‍സുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. റഷ്യയുമായും സ്വകാര്യ ആര്‍മിയായ വാഗ്‌നര്‍ ഗ്രൂപ്പുമായും പുതിയ ധാരണയിലെത്തി 2021ല്‍ മറ്റൊരു സൈനിക നടപടിക്ക് തുടക്കം കുറിച്ചു.

Content Highlight: United Nations ends 10-year military mission in Mali