വാഷിങ്ടണ്‍: 2023ല്‍ നോ നോണ്‍സെന്‍സ് കാലാവസ്ഥാ ഉച്ചകോടി (no-nonsense climate summit) നടത്താനൊരുങ്ങി ഐക്യരാഷ്ട്ര സഭ. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും കാലാവസ്ഥാ വ്യതിയാനത്തിനും പ്രതിസന്ധിക്കുമെതിരായ നടപടികള്‍ ഊര്‍ജിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തന്നെയാണ് തിങ്കളാഴ്ച നടന്ന വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഉച്ചകോടി സംഘടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്.
കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോകം തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നും ആഗോള താപനത്തെ ബാധിക്കുന്ന എമിഷനുകള്‍ കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും എന്നാല്‍ അവരതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുന്നത് തടയുന്നത് തടയാനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാകാതിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഉച്ചകോടി നടത്താനിരിക്കുന്നത്. 2023 സെപ്റ്റംബറിലായിരിക്കും ഐക്യരാഷ്ട്ര സഭ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുക.
”ഇതൊരു ‘നോ നോണ്‍സെന്‍സ്’ ഉച്ചകോടിയായിരിക്കും. ഒരു ഒഴിവാക്കലുകളുമില്ല, ഒത്തുതീര്‍പ്പുകളോ വിട്ടുവീഴ്ചകളോ ഇല്ല. ഇതിലേക്കുള്ള ക്ഷണം ഓപ്പണാണ്,” യു.എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ കൂടുതല്‍ പ്രതിജ്ഞാബദ്ധരാക്കുക, സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ട പുതിയ പദ്ധതികള്‍ കൊണ്ടുവരിക എന്നിവ കൂടിയാണ് ഉച്ചകോടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.
‘വിശ്വസനീയവും ഗൗരവമേറിയതും പുതിയതുമായ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍’ എന്നതാണ് ഉച്ചകോടിയുടെ ടാഗ്‌ലൈന്‍.
അന്തരീക്ഷത്തില്‍ നിന്നുള്ള എമിഷനുകള്‍ 2030ഓട് കൂടി പകുതിയാക്കുകയും 2050ഓട് കൂടി അവ നെറ്റ് സീറോ (net zero) ആക്കുകയും ചെയ്യുക എന്നുള്ളതാണ് ആഗോളതാപനം 1.5 ഡിഗ്രീ സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തുന്നതിനുള്ള ഏക വഴിയായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത് നടപ്പാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണുള്ളതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2015ലെ പാരിസ് ഉടമ്പടിയില്‍ (2015 Paris Agreement) വെച്ചായിരുന്നു ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്തുന്നതിനുള്ള ഈ തീരുമാനം ലോകരാജ്യങ്ങള്‍ അംഗീകരിച്ചത്.
Content Highlight: United Nations chief says will conduct ‘no-nonsense’ climate summit in 2023