| Wednesday, 15th April 2020, 9:21 am

'ഇത് ഒന്നിച്ച് നിന്ന് പരസ്പരം ഐക്യം കാണിക്കേണ്ട സമയം'; സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കക്കെതിരെ ഐക്യരാഷ്ട്ര സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ. ഇത് സാമ്പത്തിക സഹായം നിര്‍ത്തേണ്ട സമയമല്ലെന്ന് യു.എന്‍ വ്യക്തമാക്കി.

ലോകം ഒന്നിച്ചു നിക്കേണ്ട സമയമാണിതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

‘വൈറസിനെ നിയന്ത്രിക്കാനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനും ഒന്നിച്ചു നിന്ന് പരസ്പരം ഐക്യം കാണിക്കേണ്ട സമയമാണിത്. വൈറസിനെതിരെ പൊരുതുന്ന ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റു ഏതു സംഘടനയ്‌ക്കോ നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കേണ്ട സമയമല്ലിത്,’ ഗുട്ടറെസ് പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന കാര്യം അറിയിച്ചത്. ലോകാരോഗ്യസംഘടന ചൈനയ്ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് അമേരിക്കയാണ്. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനയ്ക്ക് അനുവദിച്ചത്.

ചൈനയുമായുള്ള അതിര്‍ത്തി അമേരിക്ക അടച്ചതിനെ ഡബ്ല്യ.എച്ച്.ഒ എതിര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു. നേരത്തേയും ലോകാരോഗ്യ സംഘടനയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more