| Monday, 9th September 2019, 8:10 pm

കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി യു.എന്‍; 'കശ്മീരിന്റെ വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ കശ്മീരികളോട് ചോദിക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്
ന്യൂദല്‍ഹി: കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനുശേഷം പ്രദേശത്ത് ഏര്‍പ്പെടുത്തിയ വിലക്കുകളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്കപുലര്‍ത്തുന്നുണ്ടെന്നാണ് കൗണ്‍സില്‍ അറിയിച്ചത്. ഒപ്പം അസമില്‍ പൗരത്വപട്ടികയില്‍ നിന്ന പുറത്താക്കപ്പെട്ടവര്‍ക്ക് മുമ്പുണ്ടായിരുന്ന എല്ലാ അവകാശങ്ങളും തുടര്‍ന്നും ലഭിക്കണമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കമ്മീഷണറായ മിഷേല്‍ ബാച്ച്ലെറ്റാണ് ഇക്കാര്യം അറിയിച്ചത്. കൗണ്‍സിലിന്റെ യോഗത്തില്‍ ആണ് പരാമര്‍ശം. കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയും പാകിസ്താനും ശ്രദ്ധിക്കണമെന്നും പറഞ്ഞ ബാച്ലെറ്റ് കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും എടുത്തുകളയണമെന്ന് ഇന്ത്യയോട് പ്രത്യേകമായി നിര്‍ദ്ദേശിച്ചു. ഒപ്പം കശ്മീരിന്റെ വിഷയത്തില്‍ ഒരു തീരുമാനം ഇന്ത്യ എടുക്കുമ്പോള്‍ അതില്‍ കശ്മീരികളുടെ അഭിപ്രായത്തിനും സ്ഥാനമുണ്ടാകേണ്ടതാണ് എന്നും പറഞ്ഞു.


നേരത്തെ കശ്മീര്‍ വിഷയം യു.എന്‍ സുരക്ഷാസമിതിയില്‍ ചര്‍ച്ചയായപ്പോള്‍ ഇത് ഇന്ത്യയുടെആഭ്യന്തരകാര്യമാണെന്നാണ് ഇന്ത്യ അറിയിച്ചിരുന്നത്.
വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചപ്പോഴും ഇന്ത്യ ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്.
We use cookies to give you the best possible experience. Learn more