| Sunday, 10th September 2017, 1:47 pm

എട്ടുനിലയില്‍ പൊട്ടിയെങ്കിലും അംഗീകരിക്കാന്‍ വയ്യ; ജെ.എന്‍.യുവില്‍ ജയിച്ചെന്ന വ്യാജപ്രചരണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും അത് അംഗീകരിച്ചു തരാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് എ.ബി.വി.പിക്ക് ബി.ജെ.പി നേതൃത്വവും.

തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌റ്, വൈസ് പ്രസിഡന്റ്‌റ് പോസ്റ്റുകളില്‍ തങ്ങള്‍ ജയിച്ചതായിട്ടാണ് സംഘപരിവാറിന്റെ വ്യാജ പ്രചരണം.

പ്രസിഡന്റ്‌റ് സ്ഥാനത്തേക്ക് യുണൈറ്റഡ് ലെഫ്റ്റിന്റെ ഗീതാ കുമാരി 464 വോട്ടിന് നിധി ത്രിപാഠിയെ പരാജയപ്പെടുത്തിയെങ്കിലും തങ്ങളാണ് വിജയിച്ചതെന്നായിരുന്നു സംഘപരിവാറിന്റെ പ്രചരണം. നിധി ത്രിപാഠിയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം.

ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ്‌റ് പദവിയിലേക്ക് എ.ബി.വി.പി വിജയിച്ചെന്ന് പ്രചരിപ്പിച്ചത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ ആയിരുന്നു.

ഇന്ത്യയെ തകര്‍ക്കണമെന്ന് പറഞ്ഞവരെ പരാജയപ്പെടുത്തിയാണ് എ.ബി.വി.പി വിജയിച്ചിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടായിരുന്നു വിജയ്വര്‍ഗിയയുടെ പോസ്റ്റ്. എന്നാല്‍ ഇതിനെ പൊളിച്ചടുക്കി ചിലര്‍ രംഗത്തെത്തിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു വിജയ് വര്‍ഗിയ.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പൊളിച്ചടുക്കിക്കൊണ്ട് ഉജ്ജ്വലവിജയം കരസ്ഥമാക്കുകയായിരുന്നു എസ്.എഫ്.ഐ. എ.ഐ.എസ്.എ-ഡി.എസ്.എഫ്-ഇടത് സഖ്യം.


Dont Miss യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത് ആര്‍.എസ്.എസ് എ.ബി.വി.പി പ്രവര്‍ത്തകര്‍


സെന്‍ട്രല്‍ പാനലിലെ നാല് ജനറല്‍ സീറ്റുകളിലും ഇടത് വിദ്യാര്‍ഥി സഖ്യം വന്‍ വിജയം നേടി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജെ.എന്‍.യുവിലെ വോട്ടെണ്ണല്‍ അവസാനിച്ചത്.

പോള്‍ ചെയ്ത 4639 വോട്ടുകളില്‍ മുഴുവന്‍ വോട്ടുകളും എണ്ണിയപ്പോള്‍ ഇടത് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാ കുമാരി (എ.ഐ.എസ്.എ) 1506 വോട്ടുകള്‍ നേടി വിജയിച്ചു. എ.ബി.വി.പി സ്ഥാനാര്‍ത്ഥിയെ നാന്നൂറ് വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ഇടത് സഖ്യത്തിന്റെ വിജയം.

1042 വോട്ടുകള്‍ മാത്രമാണ് എ.ബി.വി.പി സ്ഥാനാര്‍ഥി നിധി തൃപാദിക്ക് ലഭിച്ചത്. 935 വോട്ടുകള്‍ നേടി ഷബ്‌ന അലി(ബിഎപിഎസ്എ)യാണ് മൂന്നാമത്. എഐഎസ്എഫ് സ്ഥാനാര്‍ഥി അപരാജിതരാജ 416 വോട്ടുനേടി.

വിവിധ സ്‌കൂളുകളിലെ കൌണ്‍സിലര്‍ സീറ്റുകളില്‍ വന്‍ വിജയം നേടി പ്രധാന സ്‌കൂളുകളുടെ കണ്‍വീനര്‍ സ്ഥാനവും ഇടതു സഖ്യം സ്വന്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more