അനിശ്ചിതകാല സമരം തുടങ്ങും: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍
India
അനിശ്ചിതകാല സമരം തുടങ്ങും: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2012, 11:22 am

ന്യൂദല്‍ഹി: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് പണിമുടക്കുന്ന ബാങ്ക് ജീവനക്കാരുടെ മുന്നറിയിപ്പ്. അതേസമയം രണ്ടാം ദിവസത്തിലേക്ക് കടന്ന സമരം രാജ്യത്തെ ബാങ്കിങ് മേഖലയെ കാര്യമായി ബാധിച്ചു.[]

സമരത്തില്‍ പങ്കെടുക്കുന്ന പത്ത് ലക്ഷത്തില്‍പ്പരം ജീവനക്കാര്‍ പ്രധാന നഗരങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്കിങ് ഭേദഗതി ബില്‍ പിന്‍വലിക്കുക, ബാങ്കിങ് സേവനങ്ങള്‍ക്ക്‌ പുറംകരാര്‍ നല്‍കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊതുമേഖല, സ്വകാര്യ, വിദേശ ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം അനിശ്ചിതകാലമാക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ അഞ്ച് സംഘടനകളുടെയും ഓഫീസര്‍മാരുടെ നാല് സംഘടനകളുടെയും ഏകോപനസമിതിയായ യു.എഫ്.ബി.യു.വിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിങ് നിയമഭേദഗതി ബില്‍ (2011) പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക്.

പൊതുമേഖലാ ബാങ്കുകളെ കൂടാതെ 12 സ്വകാര്യ ബാങ്കുകളിലെയും എട്ട് വിദേശബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.