| Sunday, 7th January 2024, 11:44 am

'പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം ഞങ്ങളുടെ പേരിൽ വേണ്ട'; തുറന്ന കത്തിൽ ഒപ്പുവെച്ച് 3200 ക്രൈസ്തവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങളെ കുറിച്ച് യാതൊന്നും സംസാരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ ഒപ്പുശേഖരം നടത്തി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്).

രണ്ട് ദിവസങ്ങളിലായി നടത്തിയ ക്യാമ്പയിന്റെ ഭാഗമായി 3200ലധികം ക്രൈസ്തവ വിശ്വാസികളാണ് കത്തിൽ ഒപ്പുവെച്ചത്.

ക്രൈസ്തവർക്ക് നിയമസഹായം ലഭ്യമാക്കാൻ 2014ൽ ആരംഭിച്ച സംഘടനയാണ് യു.സി.എഫ്.

‘ഞങ്ങളുടെ പേരിൽ വേണ്ട, പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം ഞങ്ങളുടെ പേരിൽ വേണ്ട’ എന്ന ക്യാമ്പയിൻ ജെസ്യൂട്ട് വൈദികരായ സെഡറിക് പ്രകാശ്, പ്രകാശ് ലൂയിസ്, അഖിലേന്ത്യ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ ജോൺ ദയാൽ എന്നിവരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലെ വളർച്ചയിൽ രാഷ്ട്രത്തിന് ക്രൈസ്തവരുടെ നിർണായക പങ്കുണ്ടെന്നും എന്നാൽ 2014 മുതൽ സമുദായം നിരന്തരമായ ആക്രമണങ്ങൾ നേരിടുകയാണെന്നും തുറന്ന കത്തിൽ പറയുന്നു.

മണിപ്പൂരിലെ ആദിവാസി ക്രൈസ്തവരുടെ സ്ഥിതി വളരെ ഗുരുതരമാണെന്നും കത്തിൽ പറയുന്നുണ്ട്.

ഈ വിഷയങ്ങളൊന്നും പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തവർ ഉന്നയിച്ചില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് കത്തിൽ ആരോപിക്കുന്നു.

പ്രധാനമന്ത്രിയും ആക്രമണങ്ങളെ അപലപിച്ചില്ല. വിരുന്നിൽ പങ്കെടുത്തവർ സെൽഫി എടുക്കുന്നതിന്റെയും നന്ദി പ്രകടിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു എന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

പുരോഹിതന്മാർക്ക് ക്ഷണം മാന്യമായി നിരസിക്കാമായിരുന്നുവെന്നും ഇനി സ്വീകരിച്ചെങ്കിൽ തന്നെ ക്രൈസ്തവർക്കിടയിലെ അരക്ഷിത ബോധം ഉൾപ്പെടെ മതന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തി അറിയിക്കാമായിരുന്നു എന്നും പ്രകാശ് പറയുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ പേരിൽ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതായും വിരുന്നിൽ പങ്കെടുത്ത പുരോഹിതന്മാരുടെ മൗനം സർക്കാരിന്റെ വിവേചന നിലപാടിന് പിന്തുണ നൽകുന്നതാണെന്നും കത്തിൽ പറയുന്നു.

Content Highlight: United Christian forum’s signature campaign against PM’s Christmas lunch

We use cookies to give you the best possible experience. Learn more