FA Cup
എഫ്.എ. കപ്പ്: ഗണ്ണേഴ്‌സിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jan 26, 02:09 am
Saturday, 26th January 2019, 7:39 am

ലണ്ടന്‍: എഫ്.എ.കപ്പ് നാലാം റൗണ്ടില്‍ ആര്‍സനലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പരിശീലകനായതിന് ശേഷം സോള്‍ഷ്യാറിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണ് ഗണ്ണേഴ്‌സിനെതിരെ സ്വന്തമാക്കിയത്. ആര്‍സനലിന്റെ സ്വന്തം ഗ്രൗണ്ടില്‍ വെച്ചായിരുന്നു ചെകുത്താന്‍മാരുടെ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡ് ജയിച്ചത്.

കളത്തിനകത്ത് ഗണ്ണേഴ്‌സ് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ഭാഗ്യം യുണൈറ്റഡിനൊപ്പമായിരുന്നു. റാഷ്‌ഫോര്‍ഡ്, ഡെഹയ എന്നിവരെ പുറത്തിരുത്തിയാണ് യുണൈറ്റഡ് ലണ്ടനിലേക്ക് പറന്നത്. സാഞ്ചസ്, ലിംഗാര്‍ഡ്, ലുക്കാകു എന്നിവരെ മുന്‍ നിര്‍ത്തി മാഞ്ചസ്റ്റര്‍ ആക്രമണം മെനഞ്ഞു. ആര്‍സനല്‍ സ്ഥിരം ഇലവനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്. ഓസിലിന് ഇത്തവണയും അവസരം ലഭിച്ചില്ല.

ലുക്കാകുവിന്റെ അസിസ്റ്റ് മികവിലായിരുന്നു യുണൈറ്റഡിന്റെ ജയം. സാഞ്ചസ്, ലിംഗാര്‍ഡ്, മാര്‍ഷ്യല്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. ഔബമയോങാണ് ആര്‍സനലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ആക്രമണത്തിലും പാസിങിലും പന്തടക്കത്തിലും ഗണ്ണേഴ്‌സായിരുന്നു മുമ്പില്‍. കളത്തില്‍ നിറഞ്ഞത് ആര്‍സനല്‍ പീരങ്കികളായിരുന്നെങ്കിലും ജയം യുണൈറ്റഡിനൊപ്പം നിന്നു.