| Tuesday, 21st July 2015, 9:12 am

എല്ലാ തരത്തിലുള്ള ജാതി,മത വിദ്വേഷ പ്രചരണങ്ങളും കുറ്റകരമാക്കി യു.എ.ഇ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: മതവിദ്വേഷം പടര്‍ത്തുന്നതിനും മതനിന്ദയ്ക്കുമെതിരെ കര്‍ശന നിയമവുമായി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്. മറ്റുമതസ്ഥരെ കുറ്റക്കാരായും അവിശ്വാസികളായും ലേബല്‍ ചെയ്യുന്നത് യു.എ.ഇ കുറ്റകരമാക്കുന്നു. മതം, ജാതി, വര്‍ഗം, നിറം, വിശ്വാസങ്ങള്‍, അനുശാസനം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും യു.എ.ഇയില്‍ നിയമമൂലം നിരോധിച്ചിരിക്കുകയാണ്.

കൂടാതെ മതവിദ്വേഷം പ്രചരിപ്പിക്കുന്നതും, മതനിന്ദയും ക്രിമിനല്‍ കുറ്റമായി പരിഗണിക്കും. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും 20 ലക്ഷം ദിര്‍ഹം വരെയുള്ള പിഴയും ശിക്ഷയായി ലഭിക്കും.

“രാജ്യത്ത് മതസഹിഷ്ണുതയ്ക്കും സൗഹാര്‍ദത്തിനും ശക്തമായ അടിത്തറ പാകുകയെന്നതാണ് നിയമത്തിന്റെ ലക്ഷ്യം” യു.എ.ഇയുടെ ഔദ്യോഗിക ഏജന്‍സി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.

എല്ലാ തരത്തിലുള്ള മാധ്യമങ്ങളിലൂടെയുമുള്ള വിദ്വേഷ പ്രചരണങ്ങളും വിവേചനങ്ങളും നിയമത്തിന്റെ പരിധിയില്‍പ്പെടും. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയകള്‍ വഴി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ശിക്ഷിക്കപ്പെടും. പ്രവാചകര്‍, വിശുദ്ധഗ്രന്ഥങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍ മഹാന്മാരുടെ ഖബറിടങ്ങള്‍ തുടങ്ങിയവയെ നിന്ദിക്കുന്നതും കുറ്റകരമാണ്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ചയാണ് പുതിയ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍, പ്രത്യേകിച്ച് ഇസിസ് ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more