റോം: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ് പുറത്തിറക്കി ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനറ്റന്‍.
പരമ്പരാഗത ഇസ്‌ലാമിക് ശിരോവസ്ത്രമായ ഹിജാബ് ഇറ്റാലിയന്‍ റാപ്പറായ ഖാലി അംഡൗനിയുടെ സഹകരണത്തോടെ ബ്രാന്‍ഡ് പുതിയ മോഡലില്‍ പുറത്തിറക്കുകയാണുണ്ടായത്.
കറുപ്പ്, മഞ്ഞ, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലാണ് ഹിജാബ് പുറത്തിറക്കിയിരിക്കുന്നത്. 3000 രൂപയാണ് ഒരു ശിരോവസ്ത്രത്തിന്റെ വില.
ശിരോവസ്ത്രം ധരിച്ച് കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ ഖാലി അംഡൗനി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മിലാന്‍ ഫാഷന്‍ വീക്കിലായിരുന്നു വസ്ത്രം ലോഞ്ച് ചെയ്തത്.
അതേസമയം, വസ്ത്രത്തെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വരുന്നുണ്ട്.
”ഇനി പുരുഷന്മാര്‍ക്കും അവരുടെ നാണം മറയ്ക്കാം. മൃഗങ്ങളെ പോലെ നഗ്നരായി നടക്കേണ്ട സാഹചര്യം ഇനി അവര്‍ക്കുണ്ടാകില്ല,” എന്നായിരുന്നു കനേഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ മുഹമ്മദ് പ്രതികരിച്ചത്.
സ്ത്രീകളെ അടിച്ചമര്‍ത്തുകയും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന വസ്ത്രമാണ് ഹിജാബ് എന്ന ചര്‍ച്ചകള്‍ ലോകത്ത് നടക്കെ, അതിനെ അതിവിദഗ്ധമായി മായ്ച്ച് കളയുകയും ആ വസ്ത്രം ഒരു പ്രൊഡക്ടായി പുറത്തിറക്കി ഇപ്പോള്‍ പുരുഷന്മാരെ കൂടി ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്, എന്നാണ് ഉയര്‍ന്ന് വരുന്ന ഒരു വിമര്‍ശനം.
ബാങ്ക് കൊള്ളയടിക്കുന്നവര്‍ക്കും ഹൈജാക്ക് ചെയ്യുന്നവര്‍ക്കും ഇനി മുതല്‍ ഡിസൈനര്‍ വസ്ത്രം ധരിക്കാം, എന്ന രീതിയില്‍ പരിഹസിച്ച് കൊണ്ടുള്ള പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.