Sports News
നിലംതൊട്ട് വില്ലുപോലെ വളഞ്ഞ് മായ; ട്വിറ്ററില്‍ തരംഗമായി വനിതാ 'ഐ.പി.എല്ലില്‍' സൂപ്പര്‍ താരത്തിന്റെ ബൗളിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 24, 04:10 pm
Tuesday, 24th May 2022, 9:40 pm

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കൊപ്പം തന്നെ വനിതാ ടി-ട്വന്റി ചാലഞ്ചും അരങ്ങേറുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജ്ഞിമാരാവാന്‍ മൂന്ന് ടീമുകളാണ് ഒരുങ്ങിയെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസ് സ്മൃതി മന്ദാനയുടെ ട്രെയ്ല്‍ബ്ലേസേഴ്‌സ് ദീപ്തി ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന വെലോസിറ്റി എന്നീ മൂന്ന് ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.

വനിതാ ടി-20 ലീഗില്‍ സൂപ്പര്‍നോവാസും വെലോസിറ്റിയും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തിലെ ഒരു ബൗളറാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിലെ ചര്‍ച്ചാ വിഷയം. വെലോസിറ്റിക്കായി പന്തെറിയുന്ന മായ സോനാവാനെയുടെ ബൗളിംഗ് ആക്ഷനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക ചര്‍ച്ചയാവുന്നത്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം പോള്‍ ആഡംസിന്റെ ബൗളിംഗ് ആക്ഷനോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ് ട്വിറ്ററില്‍ മായയുടെ ബൗളിംഗ് രീതി ചര്‍ച്ചയാവുന്നത്.

ഒരു അരങ്ങേറ്റ താരമെന്ന നിലയില്‍ മികച്ച രീതിയില്‍ തന്നെയായിരുന്നു താരം ബൗള്‍ ചെയ്തത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച രീതിയില്‍ പന്തറിയാന്‍ താരത്തിനായി.

അതേയമയം, മത്സരത്തില്‍ വെലോസിറ്റി വിജയിച്ചിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും താനിയ ഭാട്ടിയയുടേയും ഇന്നിംഗ്‌സിന്റെ ബലത്തില്‍ സൂപ്പര്‍നോവാസ് കെട്ടിപ്പൊക്കിയ 150 റണ്‍സ് വെലോസിറ്റി അനായാസം മറികടക്കുകയായിരുന്നു.

ഏഴ് വിക്കറ്റും പത്ത് പന്തും ബാക്കി നില്‍ക്കെയായിരുന്നു വെലോസിറ്റിയുടെ ജയം. ഷെഫാലി വര്‍മയും ലോറ വോള്‍വാര്‍ട്ടിന്റെയും ക്യാപ്റ്റന്‍ ദീപ്തി ശര്‍മയുടെയും ഇന്നിംഗ്‌സാണ് വെലോസിറ്റിക്ക് അനായാസ ജയം സമ്മാനിച്ചത്. ഷെഫാലി 33 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ 35 പന്തില്‍ നിന്നും 51 റണ്‍സുമായി ലോറ പുറത്താകാതെ നിന്നു.

 

Content highlight:  Unique Bowling Action of Maya Sonawane In Women’s T20 Challenge Goes Viral