| Thursday, 29th April 2021, 4:57 pm

യു.പിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് 577 അധ്യാപകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും മരിച്ചതായി യു.പിയിലെ ടീച്ചേഴ്‌സ് യൂണിയന്‍. ഇത് സംബന്ധിച്ച പട്ടിക യൂണിയന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
മെയ് 2 നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടിവെക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കൊവിഡിനെ തുടര്‍ന്ന് മരണമടഞ്ഞ 577 അധ്യാപകരുടെ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായി യു.പി ശിക്ഷാ മഹാസംഗ (യു.പി.എസ്.എം) പ്രസിഡന്റ് ദിനേശ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.

പഞ്ചായത്ത് വോട്ടെടുപ്പിനിടെ കൊവിഡ് മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.

തങ്ങളുടെ ജില്ലകളിലെ അധ്യാപകരുടെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്‌പെഷ്യല്‍ വര്‍ക്ക് ഓഫീസര്‍ എസ്.കെ സിംഗ് എല്ലാ ഡി.എം.മാര്‍ക്കും എസ്.പികള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പതിനാല് ദിവസത്തെ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങളുടെ ജീവന്റെ കാര്യമാണെന്നും അതില്‍ കടുംപിടുത്തം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി.

മാരക വൈറസ് ബാധിച്ച് ജീവനുവേണ്ടി പിടയുന്ന ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയാത്തത് അത്യധികം ലജ്ജാവഹമാണെന്നും കോടതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ അപര്യാപ്തത മൂലം എട്ടു കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പല ആശുപത്രികളിലും ബെഡുകളും ഓക്സിജന്‍ സൗകര്യവുമില്ലെന്ന് നോട്ടീസുകളും പതിച്ചിട്ടുണ്ട്.

ബുധനാഴ്ച 29,824 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 266 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 11,82,843 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Unions say 577 teachers died on Uttar Pradesh panchayat poll duty

Latest Stories

We use cookies to give you the best possible experience. Learn more