കൊച്ചി: 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ്.[]
കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരവും മോണോ റെയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. മോണോ റെയില്‍ പദ്ധതിയും മുന്‍ഗണനയിലെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി ഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെട്രോ പദ്ധതികള്‍ നടപ്പാക്കുന്നത്. മോണോ റെയില്‍ പദ്ധതികളും ഇതിന്റെ ഭാഗമാണ്.
ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെ.എന്‍.യു.ആര്‍.എം) ആരംഭിച്ചതോടെ നഗരങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
2005 ല്‍ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ മന്ത്രി ഇതില്‍ കേരളത്തിനായി 36 പദ്ധതികള്‍ വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.