ന്യൂദല്‍ഹി: പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ നിന്ന് പിഴ ഇടാക്കുമെന്നും നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് അലറാം പ്രവര്‍ത്തിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാറുകളില്‍ കൂടുതല്‍ എയര്‍ ബാഗുകള്‍ ഘടിപ്പിക്കണം. 2024ലോടെ അപകടമരണങ്ങള്‍ പകുതിയായി കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യവെക്കുന്നത്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തീരുമാനം. സൈറസ് മിസ്ത്രിയുടെ അപകടം എല്ലാവര്‍ക്കും പാഠമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
‘ഇന്നത്തെ കാറുകളില്‍ എല്ലാം യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ തുടര്‍ച്ചയായി അലാറം അടിക്കും. പലരും ഇത് ഒഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ക്ലിപ്പിനുള്ളില്‍ ഒരു ചെറിയ ഉപകരണം തിരുകി വെക്കാറുണ്ട്. ഇത്തരം ഉപകരണങ്ങള്‍ രാജ്യത്ത് നിരോധിക്കും,’ നിതിന്‍ ഗഡ്കരി പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലായിരുന്നു സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഗുജറാത്തില്‍നിന്ന് തന്റെ മെഴ്‌സിഡസ് ബെന്‍സ് എസ്.യു.വി കാറില്‍ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.