ന്യൂദൽഹി: ‘ജസ്റ്റ് ലുക്കിങ് ലൈക് എ വൗ’ എന്ന വൈറൽ ടാഗ് ലൈൻ ഉപയോഗിച്ച് കേരളത്തിലെ വന്ദേ ഭാരത് എക്സ്പ്രസിന്റെ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് യാത്രാക്ലേശം അനുഭവിക്കുന്നവരുടെ മറുപടി.
ജനറൽ കംപാർട്മെന്റുകളിൽ തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ടി വരുന്ന ഫോട്ടോയും വീഡിയോകളും കമെന്റ് ചെയ്തായിരുന്നു ആളുകളുടെ പ്രതിഷേധം.
കോഴിക്കോട് വെള്ളയിൽ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നെടുത്ത വീഡിയോ ദൃശ്യമാണ് കേന്ദ്രമന്ത്രി പങ്കുവെച്ചത്. എക്സ്പ്രസ് ട്രെയിനുകളിൽ ശുചിമുറിക്കും വാതിലിനുമിടയിൽ ആളുകൾ ഞെരുങ്ങി നിൽക്കുന്ന വീഡിയോ ഉൾപ്പെടെയാണ് മന്ത്രിയുടെ ‘അഭിമാന’ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്.
അതേസമയം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഉത്തരേന്ത്യയിൽ റെയിൽവേ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാത്തതിന് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്.
തേർഡ് എ.സി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ട്രെയിനിൽ പോലും കയറാൻ സാധിച്ചില്ലെന്ന് ആരോപിച്ച് ഒരു യാത്രക്കാരൻ ഗുജറാത്തിലെ വഡോദര സ്റ്റേഷനിലെ തിരക്കിന്റെ വീഡിയോ എക്‌സിൽ പങ്കുവെച്ചിരുന്നു.
തന്റെ ദീപാവലി നശിപ്പിച്ചതിന് നന്ദിയെന്നും റെയിൽവേ പൊലീസിൽ നിന്ന് സഹായം ലഭിച്ചില്ലെന്നും ഇയാൾ പറഞ്ഞു.
‘എന്റെ ദീപാവലി നശിപ്പിച്ചതിന് നന്ദി. തേർഡ് എ.സി ടിക്കറ്റ് കൈയിൽ ഉണ്ടായിട്ട് പോലും ഇതാണ് നിങ്ങൾക്ക് കിട്ടുന്നത്. പൊലീസിൽ നിന്ന് യാതൊരു സഹായവുമില്ല. എന്നെ പോലെ ധാരാളം ആളുകൾക്ക് ട്രെയിനിൽ കയറാൻ സാധിച്ചില്ല,’ അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് അൻഷുൽ ശർമ എന്നയാൾ എക്‌സിൽ പോസ്റ്റ് ചെയ്തു.
വന്ദേഭാരതിൽ പുളകം കൊള്ളുന്ന മന്ത്രി സാധാരണക്കാരുടെ പ്രശ്നങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ചിലർ മന്ത്രിയുടെ പോസ്റ്റിൽ കമെന്റ് ചെയ്തിരുന്നു. ഞെരുങ്ങി യാത്ര ചെയ്യേണ്ടി വരുന്ന ഫോട്ടോയും വീഡിയോകളും കമെന്റ് ചെയ്തായിരുന്നു ആളുകളുടെ പ്രതിഷേധം.
Content Highlight: Union Railway minister points Vandhe Bharat Just looking like a wow; Travellers crticize him