ന്യൂദല്‍ഹി: നോട്ടുനിരോധനം കാരണമുണ്ടായ അധിക ജോലിഭാരത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനുവരി മൂന്നിന് ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു. സ്‌ക്രോളിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
ജനുവരി മൂന്നിന് ആര്‍.ബി.ഐയുടെ എല്ലാ റീജിയണല്‍ ഓഫീസുകള്‍ക്കു മുമ്പിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. നഷ്ടപരിഹാരമെന്ന തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സമരം നടത്താന്‍ പദ്ധതിയുണ്ടെന്നും ഇതിനായി എല്ലാ ബാങ്ക് ജീവനക്കാരുടെ സംഘടനകളും ജനുവരി 8ന് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
തെറ്റായ പദ്ധതി നടപ്പാക്കിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ബലിയാടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടുനിരോധനത്തിനു പിന്നാലെ ആദായ നികുതി വകുപ്പ് രാജ്യത്ത് നടത്തിയ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മറച്ചുവെക്കുന്നത് ബാങ്ക് ജീവനക്കാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു എന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ നോട്ടുനിരോധനത്തിനുശേഷം നടന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പ്രധാനമന്ത്രി 50 ദിവസത്തെ സമയമാണ് ചോദിച്ചത്. എന്നാല്‍ അതു കഴിഞ്ഞിട്ടും യാതൊരു മാറ്റവുമുണ്ടായില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
“ദേശസാല്‍കൃത ബാങ്കുകളുടെ പല ബ്രാഞ്ചുകളിലും ആവശ്യത്തിന് കറന്‍സിയില്ല. അതിനാല്‍ നിശ്ചയിച്ച പരിധിക്കും കുറവു മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. രാജ്യത്തുള്ള രണ്ടുലക്ഷത്തിലേറെ എ.ടി.എമ്മുകളില്‍ വെറും 40% ത്തില്‍ മാത്രമാണ് പണമുള്ളത്. അതും ദിവസം കുറച്ചുമണിക്കൂറുകള്‍ മാത്രം.” അദ്ദേഹം പറയുന്നു.
ഡിസംബര്‍ 30നു ശേഷം എന്തെങ്കിലും മായാജാലം സംഭവിക്കുമെന്നൊന്നും തങ്ങള്‍ കരുതുന്നില്ല. ബാങ്കുകള്‍ കാശു പിടിച്ചുവെക്കുന്നു എന്ന ധാരണയാണ് ആളുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കറന്‍സിയ്ക്കുവേണ്ടി നെട്ടോട്ടമോടുകയാണ് ബാങ്കുകളെന്നും അദ്ദേഹം പറയുന്നു.
“ആവശ്യത്തിനു പണമെത്തിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്. പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ ഭൂരിപക്ഷം എ.ടി.എമ്മുകളും കാലിയാണ്. ഇതെങ്ങനെ സാധ്യമാകും.” അദ്ദേഹം ചോദിക്കുന്നു. ഇതിനു പിന്നില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നാരോപിച്ച അദ്ദേഹം ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു.