| Friday, 23rd February 2024, 10:21 am

'വന്യജീവിയെ കൊല്ലാം, നഷ്ടപരിഹാരം അനുവദിച്ചു'; കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് എ.കെ. ശശീന്ദ്രൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്പറ്റ: ജനവാസ മേഖലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട് സന്ദർശിക്കാനെത്തിയ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് വന്യജീവികളുടെ ആക്രമണങ്ങളും നഷ്ടപരിഹാരവും സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് പ്രകാരം ജനവാസ മേഖലയിലെത്തുന്ന ആക്രമണകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നായിരുന്നു ഭൂപേന്ദർ യാദവ് പറഞ്ഞത്‌.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രമാണെന്നും കോമ്പൻസേറ്ററി അഫോറസ്റ്റേഷൻ (CAMPA) ഫണ്ടിൽ നിന്നും നഷ്ടപരിഹാരത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെ പറഞ്ഞ കാര്യങ്ങളാണെന്നാണ് മനസ്സിലാകുന്നതെന്ന് ശശീന്ദ്രൻ പറഞ്ഞു.

കേന്ദ്ര വന്യജീവി നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം, മനുഷ്യന് അപകടകരമായ വന്യജീവിയെ പിടികൂടാനോ മയക്കുവടി വയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡിന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൊല്ലാൻ ഉത്തരവിടാൻ പാടുള്ളൂ.

മാത്രമല്ല, ഓപറേറ്റിങ് പ്രൊസീജ്യർ, ഗൈഡ്ലൈൻസ്, അഡ്വൈസറി എന്നിങ്ങനെയുള്ള കേന്ദ്ര സർക്കാർ ഏജൻസികൾ പുറപ്പെടുവിച്ച വ്യവസ്ഥകൾ മേല്പറഞ്ഞ നിയമത്തെ കൂടുതൽ കർക്കശമാക്കുന്നുമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2016ലെ CAMPA ഫണ്ട്‌ നിയമം പ്രകാരം പരിഹാര വനവത്കരണം, അധിക പരിഹാര വനവത്കരണം, പീനൽ പരിഹാര വനവത്കരണം, നെറ്റ് പ്രസന്റ് വാല്യൂ എന്നിവയ്ക്ക് മാത്രമേ CAMPA ഫണ്ട്‌ ഉപയോഗിക്കാൻ സാധിക്കൂ എന്നും വന്യജീവി ആക്രമണത്തിന് പ്രസ്തുത ഫണ്ട്‌ ഉപയോഗിക്കാൻ വ്യവസ്ഥയിൽ നിന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനാൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ആക്രമണത്തിന് വിധേയരായവർക്ക് നഷ്ടപരിഹാരം നൽകാൻ ഫണ്ട് അനുവദിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

വയനാട്ടിലെ പ്രശ്നപരിഹാരത്തിന് തടസ്സം കേന്ദ്രത്തിന്റെ വന നിയമങ്ങളാണെന്ന് വയനാട് സന്ദർശിച്ച വേളയിൽ എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: Union Ministers statements on Wayanad wild animal attacks are rubbish says AK Saseendran

We use cookies to give you the best possible experience. Learn more