ഭക്ഷ്യധാന്യ വിതരണത്തില്‍ കേരളം വീഴ്ച വരുത്തി: കേന്ദ്രമന്ത്രി കെ.വി തോമസ്
Kerala
ഭക്ഷ്യധാന്യ വിതരണത്തില്‍ കേരളം വീഴ്ച വരുത്തി: കേന്ദ്രമന്ത്രി കെ.വി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2014, 11:55 pm

[]കൊച്ചി: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കേരളം വീഴ്ച വരുത്തിയതായി കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്.

കേന്ദ്രം സംസ്ഥാനത്തിന് 12.5 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതു 16 ലക്ഷം ടണ്‍ ആയി ഉയര്‍ത്തിയിരുന്നതായും എന്നാല്‍, ഇവ വിതരണം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍ അപാകത സംഭവിച്ചതായും അദ്ദേഹം ആരോപിച്ചു.

എറണാകുളത്ത് മുളവുകാട് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സംസ്ഥാന ഭക്ഷ്യവകുപ്പിനെതിരെ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

“കേന്ദ്രം അനുവദിച്ച ധാന്യത്തിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്കു കിട്ടുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സംസ്ഥാനത്തു പലേടത്തും റേഷന്‍ ധാന്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. സംസ്ഥാനത്തു പൊതുവിതരണ സമ്പ്രദായത്തില്‍ പാളിച്ച പറ്റിയതിനെപ്പറ്റി അന്വേഷിക്കും.

ഇതിനായി കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെ ഉന്നതതല സമിതിയെ കേരളത്തിലേക്ക് അയക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം കേരളത്തിനുള്ള ഭക്ഷ്യധാന്യത്തിന്റെ വിഹിതം വെട്ടിക്കുറച്ചതായി മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം ആരോപിച്ചതിനു മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.