ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ നോക്കുകൂലി പരാമര്‍ശത്തിനെതിരെ രാജ്യസഭയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. നോക്കുകൂലിയെ കുറിച്ച് വാചാലയാവുന്ന ധനമന്ത്രി സംസ്ഥാനത്തിന് പുനരധിവാസത്തിന് പോലും ഒന്നും തന്നിട്ടില്ലെന്ന് ബ്രിട്ടാസ് പ്രതികരിച്ചു.
വയനാട് പുനരധിവാസത്തിനായി കേരളത്തിന് ധനമന്ത്രി ഒന്നും തന്നിട്ടില്ലെന്നും മന്ത്രിക്ക് കേരളത്തിനോട് സൂപ്പര്‍ അലേര്‍ട്ടാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും ലഭിച്ചതെന്നും വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലോണ്‍ ആയി തുക അനുവദിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ വിനിയോഗിക്കണമെന്ന വിചിത്രവാദമാണ് കേന്ദ്രം പറഞ്ഞതെന്നും എം.പി പറഞ്ഞു.
ഇന്നലെ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തിലായിരുന്നു കേന്ദ്ര ധനമന്ത്രി കേരളത്തിലെ നോക്കുകൂലിയെ വിമര്‍ശിച്ചത്. കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തുമെന്നും സി.പി.ഐ.എമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.
ഇത്തരത്തിലുുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്നും ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നും ധനമന്ത്രി പരാമര്‍ശിച്ചിരുന്നു.
ധനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി പി. രാജീവും രംഗത്തെത്തിയിരുന്നു. നിര്‍മല സീതാരാമന്റെ പ്രസംഗം വസ്തുത വിരുദ്ധമാണെന്നും ഇത്തരത്തില്‍ വസ്തുതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ കേന്ദ്രത്തോടുള്ള വിശ്വാസ്യത തകരുമെന്നും മന്ത്രി പറയുകയുണ്ടായി.
Content Highlight: Union minister who talks about Nokkookuli has given nothing to Kerala; John Brittas against Nirmala Sitharaman