| Monday, 20th June 2022, 2:04 pm

ആരെയും നിര്‍ബന്ധിച്ചില്ലല്ലോ, താല്‍പര്യമുള്ളവര്‍ മാത്രം വന്നാല്‍ മതി; അഗ്നിപഥ് പ്രതിഷേധക്കാരെ തള്ളിപ്പറഞ്ഞ് വി.കെ. സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവജനങ്ങളെ തള്ളിപ്പറഞ്ഞ് മുന്‍ സൈനിക മേധാവിയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായ ജനറല്‍ വി.കെ. സിങ്.

സൈനിക റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള പുതിയ പോളിസി ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ അത് തെരഞ്ഞെടുക്കേണ്ട എന്നായിരുന്നു വി.കെ. സിങ് പറഞ്ഞത്.

”സൈന്യത്തില്‍ ചേരുക എന്നത് സ്വയം എടുക്കേണ്ട തീരുമാനമാണ്. ആരും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ല. ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് സൈന്യത്തില്‍ ചേരണമെന്നുണ്ടെങ്കില്‍ അയാള്‍ക്ക് സ്വന്തം ഇഷ്ടത്തിന് ചേരാം.

ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കില്ല. നിങ്ങള്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് സ്‌കീം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ സൈന്യത്തില്‍ ചേരാന്‍ വരേണ്ടതില്ല. ആരാണ് നിങ്ങളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ ബസുകളും ട്രെയിനുകളും കത്തിക്കുകയാണ്,” വി.കെ. സിങ് പറഞ്ഞു.

സൈന്യം എന്ന് പറയുന്നത് ഒരു എംപ്ലോയ്‌മെന്റ് ഏജന്‍സിയോ ഒരു കമ്പനിയോ കടയോ അല്ലെന്നും വി.കെ. സിങ് കൂട്ടിച്ചേര്‍ത്തു.

അഗ്നിപഥ് പദ്ധതിക്കെതിരായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങളെയും വി.കെ. സിങ് തള്ളിപ്പറഞ്ഞു.

”രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തതില്‍ കോണ്‍ഗ്രസ് നിരാശരാണ്. മോദി സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതിയില്‍ പോലും തെറ്റ് കണ്ടുപിടിക്കാനാണ് ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ശ്രമിക്കുന്നത്,” കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് വി.കെ. സിങ് പറഞ്ഞു.

യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഏത് സര്‍ക്കാര്‍ പദ്ധതിയെയും തടയുക, സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന് ചെയ്യാന്‍ ബാക്കിയുള്ള പണിയെന്നും സര്‍ക്കാരിനെ മാനക്കേടുണ്ടാക്കാന്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബി.ജെ.പി മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍, പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.

കപട ദേശീയവാദികളെ തിരിച്ചറിയണം, എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ജന്തര്‍ മന്തറില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

യുവാക്കളുടെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യഥാര്‍ത്ഥ ദേശസ്നേഹികളായ ഒരു സര്‍ക്കാരിനെ ഭരണത്തിലേറ്റാന്‍ യുവാക്കള്‍ പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

”ജനാധിപത്യം എന്നുവെച്ചാല്‍, സത്യത്തിന്റെയും അഹിംസയുടെയും വഴിയിലൂടെ നടന്ന് ഈ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. ശരിയായ ദേശസ്നേഹം കാണിക്കുന്ന ഒരു സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്,” പ്രിയങ്ക പറഞ്ഞു.

Content Highlight: Union minister VK Singh slams protestors over Agnipath scheme, says no compulsion to join the army

Latest Stories

We use cookies to give you the best possible experience. Learn more