| Wednesday, 24th April 2019, 7:40 am

'ബി.ജെ.പി ഗോഹത്യ നടത്തി'; പാര്‍ട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വിജയ് സാംപ്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ബി.ജെ.പി ഗോഹത്യ നടത്തിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വിജയ് സാംപ്ല. പഞ്ചാബിലെ ഹോഷിയാപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ രോഷംപൂണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

ഫങ്‌വാര എം.എല്‍.എ സോം പ്രകാശിനെ ഹോഷിയാപൂര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി വ്യാഴാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സാംപ്ല പാര്‍ട്ടിയെ ആക്രമിച്ചത്.

‘വളരെ ദു:ഖം തോന്നുന്നു. ബി.ജെ.പി ഗോഹത്യ നടത്തിയിരിക്കുന്നു.’ അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റു ചെയ്തു.

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ‘നിങ്ങള്‍ യാതൊരു തെറ്റും ചൂണ്ടിക്കാട്ടിയിട്ടില്ല. എന്താണ് എന്റെ പിഴവ്?’ അദ്ദേഹം ട്വീറ്റു ചെയ്തു.

‘എനിക്കെതിരെ യാതൊരു അഴിമതി ആരോപണവുമില്ല. എന്റെ സ്വഭാവത്തിനുനേരെ ഒരാള്‍ക്കുപോലും വിരല്‍ചൂണ്ടാനാവില്ല’ എന്നും അദ്ദേഹം പറഞ്ഞു.

തനിക്കു കീഴില്‍ മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുകാട്ടി. ‘എന്റെ മേഖലയില്‍ എയര്‍പോര്‍ട്ട് കൊണ്ടുവന്നു, പുതിയ ട്രെയിനുകള്‍ തുടങ്ങി. റോഡുകള്‍ നിര്‍മ്മിച്ചു.’ സാംപ്ല കുറിച്ചു.

പേരിനൊപ്പം ചേര്‍ത്ത ചൗക്കീദാര്‍ എന്ന വാക്കും സംപ്ല ട്വിറ്ററില്‍ നിന്നും നീക്കി.

കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് സാംപ്ല. നേരത്തെ അദ്ദേഹത്തെ പഞ്ചാബ് ബി.ജെ.പി അധ്യക്ഷനായി നിയമിച്ചിരുന്നു. ദളിത് നേതാവായ അദ്ദേഹം പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പണം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more