| Saturday, 14th December 2019, 3:08 pm

മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയെ പിന്തുണച്ച വി. മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകര്‍; ഒടുവില്‍ പ്രസ്താവന പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം. രാധാകൃഷ്ണനെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരന്‍. തൃശ്ശൂരില്‍ നടക്കുന്ന കേരളാ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുരളീധരന്‍ ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വേദിയില്‍ നിന്നിറങ്ങിയ ഉടന്‍തന്നെ മന്ത്രിയെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. ആക്രമണത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണു കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ മന്ത്രി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നും രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനം രാധാകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജിവെച്ച ഭരണസമിതിയംഗങ്ങളെ ആറുമാസത്തേക്ക് പ്രസ് ക്ലബ്ബ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more