'പിണറായിക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈന'; സ്വന്തം നാട്ടിലെ ജനങ്ങളെ ആദ്യം പരിഗണിക്കൂ: വി. മുരളീധരന്‍
Kerala News
'പിണറായിക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈന'; സ്വന്തം നാട്ടിലെ ജനങ്ങളെ ആദ്യം പരിഗണിക്കൂ: വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2023, 4:34 pm

ന്യൂദല്‍ഹി: ചൈനയില്‍ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈനയോടാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ അയല്‍ രാജ്യത്തെക്കാള്‍ ശ്രദ്ധ സ്വന്തം നാട്ടുകാര്‍ക്ക് കൊടുക്കണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ലമെന്റ് സമ്മേളനത്തിനായി ദല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈനയോടാണ്. ഇതിന് മുമ്പും ചൈനയെ പുകഴ്ത്തിക്കൊണ്ട് ഇന്ത്യയെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

പക്ഷെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ അയല്‍ രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നതിനേക്കാള്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും,’ മുരളീധരന്‍ പറഞ്ഞു.

ഇതിന് മുമ്പ് ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിലും കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ രംഗത്തെത്തിയിരുന്നു. അപകടം നിയന്ത്രിക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാര്‍ലമെന്റില്‍ വിഷയം ഉയിക്കുമെന്നും ദുരന്തത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

അതേ സമയം മുരളീധരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട് സി.പി.ഐ. എം.പി ബിനോയ് വിശ്വം രംഗത്തെത്തി. സുഹൃദ് രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്ന ഭരണാധികാരികള്‍ക്ക് ആശംസ അറിയിക്കുന്നത് സാധാരണമാണെന്നും അതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘നാളെ മോദി ചൈനക്ക് ആശംസ അറിയിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല. നയതന്ത്രത്തിന്റെ ഭാഗമാണത്,’ ബിനോയ് വിശ്വം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചൈനയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിയ ഷീ ജിന്‍പിങ്ങിന് ആശംസ അറിയിച്ച് കൊണ്ട് കേരള മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുന്നത്.

ചൈനയില്‍ വീണ്ടും പ്രസിഡന്റായി അധികാരത്തിലെത്തിയ ഷീ ജിന്‍ പിങ്ങിന് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നെന്നും ലോക രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ ചൈനയെ വീണ്ടും ഉയരത്തിലെത്തിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്നുമാണ് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തത്.

Content Highlight: Union minister V. Muraleedaran against pinarayi  vijayans tweet