Kerala News
കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ച് വിടണം: വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 12, 07:13 am
Sunday, 12th March 2023, 12:43 pm

തിരുവനന്തപുരം: ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ചു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സി.പി.ഐ.എം പരാജയപ്പെട്ടെന്നും ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് വാര്‍ത്ത സമ്മേളനം നടത്തിയ പിണറായി വിജയന്‍ ബ്രഹ്മപുരം തീപിടുത്തത്തില്‍ മാണ്ടാതിരിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്രഹ്മപുരം ദുരന്തത്തില്‍ സര്‍ക്കാറിന് ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. ഏറ്റവും ചുരുങ്ങിയത് കൊച്ചി മേയറോട് രാജി വെക്കാനെങ്കിലും സി.പി.ഐ.എം ആവശ്യപ്പെടണം. ഇല്ലെങ്കില്‍ ജനാധിപത്യത്തോട് കാണിക്കുന്ന വലിയ വഞ്ചനയാകുമത്.

സംഭവത്തിന് പിന്നില്‍ വലിയൊരു അഴിമതി നടന്നിട്ടും അതിന്റെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷനെ നിയന്ത്രിക്കുന്ന പാര്‍ട്ടി തയ്യാറാകുന്നില്ല. തെരഞ്ഞെടുത്ത ജനങ്ങളോട് കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കാന്‍ എല്‍.ഡി.ഫ് തയ്യാറാവണം.

കൊവിഡ് കാലത്ത് വാര്‍ത്ത സമ്മേളനം നടത്തി എന്തെല്ലാം നിര്‍ദേശങ്ങളാണ് പിണറായി വിജയന്‍ നല്‍കിയിരുന്നത്. എന്നിട്ട് ആയിരത്തോളം ജനങ്ങള്‍ ആശുപത്രിയിലാകാന്‍ കാരണമായ വിഷപ്പുക ദുരന്തത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അദ്ദേഹം തയ്യാറായോ? ഇയാളെയാണോ മാധ്യമങ്ങള്‍ ക്യാപ്റ്റനെന്ന് പറഞ്ഞ് പുകഴ്ത്തിയത്.

ഇങ്ങനെയാണോ ക്യാപ്റ്റന്‍മാര്‍ പെരുമാറുന്നത്. കുറച്ചെങ്കിലും മാന്യതയുണ്ടെങ്കില്‍ കൊച്ചിക്കാരോട് ധാര്‍മികമായ ഉത്തരവാദിത്തം കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊച്ചി കോര്‍പ്പറേഷന്‍ പിരിച്ച് വിടണം,’ മുരളീധരന്‍ പറഞ്ഞു.

നടക്കാനിരിക്കുന്ന നാളത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുമായോടും പരിസ്ഥിതി മന്ത്രിയോടും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlight: Union minister v Muraleedaran addressing press in kochi