ന്യൂദല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. നേരത്തെ ബി.ജെ.പി അധികാരത്തില്‍ വന്നതിനു പിന്നാലെ ഭരണഘടന തിരുത്തുമെന്നും ഹെഡ്‌ഗെ അവകാശപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ കുടകില്‍ നടന്ന റാലിക്കിടെയായിരുന്നു മന്ത്രിയുടെ പുതിയ പ്രസ്താവന.
“നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ ഒരു മാറ്റം ആവശ്യമാണ്. നമുക്കു ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയണം. ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ പിന്നീട് അവശേഷിക്കാന്‍ പാടില്ല. അതിന് മതമോ ജാതിയോ നോക്കരുത്”- മന്ത്രി പറഞ്ഞു.
മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് പറഞ്ഞതും വിവാദമായിരുന്നു.
“ചില ആളുകള്‍ പറയുന്നു, ഭരണഘടന മതേതരത്തെ ഉയര്‍ത്തിപ്പിടിക്കുന്നു നിങ്ങളത് സ്വീകരിക്കണമെന്ന്. ഞങ്ങള്‍ ഭരണഘടനയെ അനുസരിക്കും. എന്നാല്‍ ഭരണഘടന പല പ്രാവശ്യം തിരുത്തപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അത് ഭാവിയില്‍ തിരുത്തുകയും ചെയ്യും. ഭരണഘടന തിരുത്താനാണ് ഞങ്ങളിവിടെ വന്നത്, ഞങ്ങളത് ചെയ്യും”- എന്നായിരുന്നു ആനന്ദിന്റെ വിവാദ പ്രസ്താവന.
താന്‍ മുസ്‌ലിം, കൃസ്ത്യാനി, ലിംഗായത്ത്, ബ്രാഹ്മണര്‍, ഹിന്ദു ആണെന്ന് പറഞ്ഞ് ആളുകള്‍ക്ക് അഭിമാനം കൊള്ളാമെന്നും എന്നാല്‍ യഥാര്‍ത്ഥ വേരുകള്‍ തിരിച്ചറിയാതെ മതേതര്‍ എന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്ക് സ്വന്തമായി സ്വതം ഇല്ലെന്നും അവര്‍ക്ക് അവരുടെ പിതൃത്വത്തെക്കുറിച്ച് ധാരണയില്ലെന്നും ആനന്ദ് മുമ്പ് പറഞ്ഞിരുന്നു.