Kerala News
ആശാവര്‍ക്കര്‍മാരുടെ സമരപന്തല്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 02:40 pm
Saturday, 1st March 2025, 8:10 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപന്തല്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏറെ ആവേശത്തോടെയാണ് സുരേഷ് ഗോപിയെ സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ സമര പന്തലിലേക്ക് സ്വീകരിച്ചാനയിച്ചത്.

ആശാവര്‍ക്കര്‍ പദ്ധതി കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അവരുടെ ആവശ്യങ്ങളെല്ലാം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ വിഭാവനം ചെയ്ത് സ്ഥാപിതമാവുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവുമെന്നും ആ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

സമരക്കാരുടെ അനിശ്ചിതാവസ്ഥയില്‍ സംസ്ഥാനത്തിന് എന്ന പോലെ കേന്ദ്രത്തിനും ചില നടപടികളെടുക്കാനാവുമെന്നും ആ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും തൊഴിലാളികള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ടെങ്കില്‍ പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യമുന്നയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വേതന വര്‍ധനവ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ കഴിഞ്ഞ 20 ദിവസങ്ങളായി സമരത്തിലാണ്. വേതനം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കുക, പെന്‍ഷന്‍ അനുവദിക്കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.

എന്നാല്‍ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തില്‍ അനുനയനീക്കം തുടരുകയാണ്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ ആകില്ല എന്നാണ് ആശാ വര്‍ക്കര്‍മാരുടെ നിലപാട്.

പ്രതിപക്ഷനേതാവ്, കെ.കെ.രമ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആശവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Union Minister Suresh Gopi visited the protest camp of Asha workers