മോദിയോ അമിത്ഷായോ നിങ്ങളോടു പറഞ്ഞോ 300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി
national news
മോദിയോ അമിത്ഷായോ നിങ്ങളോടു പറഞ്ഞോ 300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2019, 9:29 am

ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങളിലെ 300 പേര്‍ കൊല്ലപ്പെട്ടന്ന് ആരെങ്കിലും പറഞ്ഞോ എന്ന് കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ. പ്രധാനമന്ത്രിയോ അമിത്ഷായോ ബി.ജെ.പി വക്താക്കളോ ഇക്കാര്യം പറഞ്ഞിരുന്നോ എന്നും മന്ത്രി ചോദിച്ചു.

കൊലപാതകം ആയിരുന്നില്ല ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു വ്യോമ സേനയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

“മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. മോദി ജി പറഞ്ഞോ നിങ്ങളോട് 300 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഏതെങ്കിലും ബി.ജെ.പി വക്താവ് ഇത് പറഞ്ഞോ? അമിത് ഷാ ഇത് പറഞ്ഞോ? അലുവാലിയ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.


പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ ഈ മറുപടി.

കൊലപാതകം ആയിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. പാക്കിസ്ഥാന്‍ എത്രക്രണ്ട് നിരീക്ഷണം ശക്തമാക്കിയാലും അവരുടെ ഭീകര കേന്ദ്രം ഇന്ത്യക്ക് തകര്‍ക്കാനാകും എന്ന് ബോധ്യപ്പെടുത്തലായിരുന്നു. ഈ നടപടി അത്യാവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 300 ആളുകള്‍ കൊല്ലപ്പെട്ട വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മോദി വെളിപ്പെടുത്തണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

“മാധ്യമങ്ങള്‍ 300 ആളുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞങ്ങള്‍ക്ക് യഥാര്‍ത്ഥ സത്യം എന്താണെന്ന് അറിയണം. അവര്‍ എവിടെയാണ് ബോംബിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പിന്നെ എന്താണ് സത്യം”- മമത കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.


അതേസമയം, ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണത്തില്‍ വനം നശിക്കപ്പെട്ടു എന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്‍ പരാതി നല്‍കിയിരുന്നു. “പ്രകൃതി-തീവ്രവാദം” എന്നാണ് പാകിസ്ഥാന്‍ ഇന്ത്യയുടെ വ്യോമാക്രമണത്തെ വിശേഷിപ്പിച്ചത്.

ഇന്ത്യ ഒരു വനസംരക്ഷണ മേഖലയിലാണ് ബോംബിട്ടതെന്നും ഇവിടെ ഉണ്ടായ പ്രകൃതി നശീകരണം എത്രത്തോളമാണെന്ന് വിലയിരുത്തി വരികയാണെന്നും പാകിസ്ഥാന്റെ കാലാവസ്ഥ മാറ്റത്തിന്റെ ചുമതലയുള്ള മന്ത്രി മാലിക് അമീന്‍ അസ്‌ലം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയതെന്നും അസ്‌ലം പറഞ്ഞിരുന്നു.