ഇത് മോദിയുടെ ഗ്യാരന്റി; ഏഴ് ദിവസത്തിനുള്ളില്‍ ദേശീയ പൗരത്വ നിയമം ഇന്ത്യയില്‍ നടപ്പിലാക്കും: ശന്തനു ഠാക്കൂര്‍
NATIONALNEWS
ഇത് മോദിയുടെ ഗ്യാരന്റി; ഏഴ് ദിവസത്തിനുള്ളില്‍ ദേശീയ പൗരത്വ നിയമം ഇന്ത്യയില്‍ നടപ്പിലാക്കും: ശന്തനു ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 12:01 pm

ന്യൂദല്‍ഹി: വരുന്ന ഏഴ് ദിവസത്തിനകം ഇന്ത്യയില്‍ ദേശീയ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍. പശ്ചിമ ബംഗാളില്‍ നടന്ന ബി.ജെ.പി റാലിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

പശ്ചിമ ബംഗാളില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ദേശീയ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സൗത്ത് 24 പര്‍ഗാനാസിലെ കാക്ദ്വിപ്പില്‍ നടന്ന പൊതുയോഗത്തില്‍ ശന്തനു ഠാക്കൂര്‍ പറഞ്ഞു.

വാക്ക് നല്‍കിയതുപോലെ കേന്ദ്രസര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രം അനാച്ഛാദനം ചെയ്തുവെന്നും അടുത്തതായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സി.എ.എ പ്രാവര്‍ത്തികമാക്കുമെന്നും ശന്തനു വ്യക്തമാക്കി. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണെന്നും ശന്തനു ഠാക്കൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എ, 2014 ഡിസംബര്‍ 31വരെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും. ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ എന്നീ മതസ്ഥര്‍ക്കാണ് സി.എ.എ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

എന്നാല്‍ 2019 ഡിസംബറില്‍ പാര്‍ലമെന്റ് സി.എ.എ പാസാക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതിന് ശേഷം നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

അതേസമയം സി.എ.എ നടപ്പാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സി.എ.എ രാജ്യത്തെ നിയമമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷാ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പശ്ചിമ ബംഗാളില്‍ സി.എ.എ നടപ്പിലാക്കുമെന്നത്.

Content Highlight: Union Minister Shantanu Thakur said that the National Citizenship Act will be implemented in India within seven days