കോഴിക്കോട്: കേരളത്തില്‍ പ്രളയം സംഭവിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കേരളത്തില്‍ പ്രളയം സംഭവിച്ചിട്ടില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നുമാണ് കമന്റ് ബോസ്‌കില്‍ വന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍.
‘കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നുമാണ് കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു തന്നെ ഇംഗ്ലീഷിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണെങ്കിലും അത് പ്രളയമായി മാറിയിട്ടില്ല. കൊച്ചിയില്‍ ഉള്‍പ്പടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുമുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന തരത്തിലുള്ള അപകടങ്ങളോ മരണങ്ങളോ ഈ മഴക്കെടുതിയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങലുമാണ് കമന്റ് ബോക്‌സില്‍ ഉയരുന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും താങ്കളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസില്‍ പോലും കേരളത്തില്‍ പ്രളയമുള്ളതായി റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്നും ആളുകള്‍ കമന്റ് ചെയ്തു.
കേരളത്തില്‍ പ്രളയം സംഭവിച്ചിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തതോടെ കേന്ദ്രമന്ത്രി പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
content highlights: Union Minister says many people lost their lives in Kerala due to non-existent floods; After the controversy, the post was deleted