| Wednesday, 6th October 2021, 8:55 am

കര്‍ഷകരുടെ കൊലപാതകം കരുതിക്കൂട്ടി തന്നെ, മന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; യു.പി പൊലീസിന്റെ എഫ്.ഐ.ആറില്‍ കൂടുതല്‍ തെളിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ഉച്ചകഴിഞ്ഞ് 3 മണിയോടെ, ആശിഷ് മിശ്രയും 15-20 ആയുധധാരികളായ ആള്‍ക്കാരും മൂന്ന് ഫോര്‍ വീലറുകളില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടയിലേക്ക് അതിവേഗത്തില്‍ വന്നുവെന്നും ആശിഷ് തന്റെ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നുകൊണ്ട് വെടിയുതിര്‍ത്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും അതിനുശേഷം കരിമ്പിന്‍ കാട്ടില്‍ ഒളിക്കുകയും ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

ആശിഷ് മിശ്രയെയും പേരറിയാത്ത 15-20 പേരെയും പ്രതി ചേര്‍ത്ത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, അമിതവേഗം, കലാപമുണ്ടാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. അജയ് മിശ്രയുടെ പേര് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ്.യു.വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.

അതേസമയം, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് പോകാന്‍ പൊലീസ് രാഷ്ട്രീയ നേതാക്കളെ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Union Minister’s son mowed down farmers, opened fire at them, says FIR

We use cookies to give you the best possible experience. Learn more