| Wednesday, 19th June 2019, 8:43 am

കേന്ദ്രമന്ത്രിയുടെ മകന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍; ബി.ജെ.പി എം.എല്‍.എയുടെ മകന്‍ ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. രണ്ടു യുവാക്കളേയും ഹോം ഗാര്‍ഡിനേയും മര്‍ദ്ദിച്ച കേസിലാണ് പ്രബല്‍ പട്ടേലിനെ അറസ്റ്റു ചെയ്തത്.

മധ്യപ്രദേശിലെ നരസിംഹപുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോം ഗാര്‍ഡ് ഈശ്വര്‍ റായി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രബല്‍ പട്ടേലിനൊപ്പം ആറ് പേര്‍കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മധ്യപ്രദേശ് എം.എല്‍.എ ജലാംസിംഗ് പട്ടേലിന്റെ മകന് മോനു പട്ടേലും കേസില്‍ പ്രതിയാണ്. ഇദ്ദേഹം ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ട് യുവാക്കളെയാണ് പ്രബലും മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഈശ്വര്‍ റായിയുടെ വീട്ടിലെത്തി റായിയുടെ മകനെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പ് ദണ്ഡും ബേസ്‌ബോള്‍ ബാറ്റും കൊണ്ട് ആക്രമിച്ചു.

ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈശ്വര്‍ റായിക്ക് പരിക്കേറ്റത്. ഒരാള്‍ക്കു നേരെ വെടിവെച്ചെന്നും ആരോപണമുണ്ട്. ഈശ്വര്‍ റായിയുടെ മകന്‍ പ്രബല്‍ പട്ടേലിന്റെ സുഹൃത്തായിരുന്നു.

അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more